
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇടിവെട്ട് ബാറ്റിങ് പുറത്തെടുത്ത മലയാളി താരം സഞ്ജുവിന്റെ പ്രകടനമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിലെ ഹൈലൈറ്റ്. പരമ്പര ജയത്തോടൊപ്പം വിമര്‍ശകരുടെ വായടപ്പിച്ച സഞ്ജു 40 പന്തില്‍ നിന്നാണ് കരിയറിലെ തന്റെ ആദ്യ രാജ്യന്തര ട്വന്റി20 സെഞ്ചുറി കുറിച്ചത്. എട്ട് സിക്സും 11 ഫോറുകളുമടക്കം 111 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഒപ്പം വിക്കറ്റിന് പിന്നിലെ ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനായ ധോണിക്കും ഇളമുറക്കാരന് ഋഷഭ് പന്തിനും നേടാനാകാത്ത ഒരു റെക്കോര്‍ഡും സഞ്ജു സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു.
ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു ഇനി അറിയപ്പെടും. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഉയർന്ന സ്കോറാണിത്.
ALSO READ " "ഒരു സമയത്ത് ഒരു ബോള്‍"; ബേസിക്സുകളില്‍ ഉറച്ചുനിന്ന് പരാജയങ്ങളെ മറികടന്ന സഞ്ജു സാംസണ്
ഒരു ഇന്ത്യൻ താരത്തിന്റെ ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് സഞ്ജു ഹൈദരാബാദിൽ അടിച്ചിട്ടത്. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചുറി തികച്ച രോഹിത് ശർമയാണ് മലയാളി താരത്തിന് മുന്നിലുള്ളത്.
കരിയറിലെ നിര്‍ണായക ഘട്ടത്തില്‍ പുറത്തെടുത്ത ഈ ഹൈ വോള്‍ട്ടേജ് പ്രകടനം സഞ്ജുവിന്റെ മുന്നോട്ടുള്ള ടീമിലെ സ്ഥാനത്തിന് മുതല്ക്കൂട്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നവംബർ എട്ടിന് ഡർബനിലാണ് പരമ്പരയിലെ ആദ്യ മത്സരം.