
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ജൊഹാനസ്ബർഗ് ടി20യിൽ 135 റൺസിൻ്റെ ഉജ്വല ജയത്തോടെ സൂര്യകുമാർ യാദവും സംഘവും പരമ്പര ഭദ്രമാക്കി . മലയാളി താരം സഞ്ജു സാംസൺ, തിലക് വർമ്മ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ പ്രൊട്ടീസിനെ മുട്ടുകുത്തിച്ചത്
നാലാം ടി 20യിൽ കത്തികയറി സഞ്ജു സാംസണും തിലക് വർമ്മയും. പ്രൊട്ടീസ് ബൗളർമാരെ അടിച്ചുപറത്തിയ സഞ്ജു തിലക് സഖ്യം ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചു.സഞ്ജു 56 പന്തിൽ 109 റൺസ്, തിലക് 47 പന്തിൽ 120 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി അർഷ്ദീപ് സിംഗും സംഘവും കരുത്തുകാട്ടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സൂര്യകുമാർ യാദവിന് പിഴച്ചില്ല. രണ്ടാം വിക്കറ്റിൽ തകർത്തടിച്ച സഞ്ജു തിലക് സഖ്യം ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു. ഇരുവരും ചേർന്ന് 210 റൺസാണ് കൂട്ടിച്ചേർത്തത്. 28 പന്തിൽ അർധസെഞ്ച്വറി തികച്ച സഞ്ജു 51 പന്തിൽ സെഞ്ച്വറിയും പൂർത്തിയാക്കി. പത്ത് സിക്സറുകളും ഒൻപത് ഫോറും അതിർത്തി കടത്തിയ തിലക് വർമ്മയാണ് കളിയിലെ താരം.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യമായ മുന്നേറ്റം നടത്താനായില്ല. സ്കോർ ഒന്നിൽ നിൽക്കെ പ്രൊട്ടീസ് ഓപ്പണർമാർ കൂടാരം കയറി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഏഴ് താരങ്ങൾക്ക് രണ്ടക്കം കടക്കാനായില്ല. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 43 റൺസ്, ഡേവിഡ് മില്ലര്‍ 36 റൺസ്, മാര്‍കോ ജാന്‍സന്‍ 29 റൺസ് മാത്രമാണ് പൊരുതിയത്. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.ജയത്തോടെ നാല് മത്സര പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി.