
ഇന്ത്യൻ പൊലീസിലെ സ്ത്രീവിരുദ്ധതയും അക്രമസ്വഭാവവും ദലിത് വിരുദ്ധതയും തുറന്നുകാട്ടുന്ന ചിത്രം സന്തോഷിന് ഇന്ത്യയിൽ പ്രദർശനാനുമതിയില്ല. ബ്രിട്ടീഷ്-ഇന്ത്യൻ സംവിധായിക സന്ധ്യാ സൂരി സംവിധാനം ചെയ്ത ചിത്രം കാൻ മേളയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ഇന്ത്യൻ പൊലീസിൽ ആഴത്തിൽ വേരിറങ്ങിയ ഇസ്ലാമോഫോബിയ അടക്കമുള്ള പിന്തിരിപ്പൻ പ്രവണതകളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
പുതുതായി പൊലീസ് സേനയിൽ ചേർന്ന വിധവയായ ഒരു സ്ത്രീ ഒരു ദലിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്നതാണ് സന്തോഷിന്‍റെ പ്രമേയം. ഇന്ത്യൻ പൊലീസ് സേനയിൽ രൂഢമൂലമായിരിക്കുന്ന ജാതീയത, അക്രമോത്സുകത, സ്ത്രീവിരുദ്ധത, ഇസ്ലാമോഫോബിയ എന്നീ ഗുരുതര പ്രശ്നങ്ങളെയാണ് ചിത്രം തുറന്നു കാട്ടുന്നത്. ഇന്ത്യയിൽ ചിത്രീകരിച്ച, പൂർണമായും ഇന്ത്യൻ താരങ്ങൾ വേഷമിട്ട ഹിന്ദിഭാഷാ ചിത്രമാണ് സന്തോഷ്.
ചിത്രത്തിന്‍റെ തിരക്കഥ നേരത്തെ തന്നെ ഇന്ത്യൻ അധികൃതർക്കുമുൻപാകെ സമർപ്പിക്കപ്പെട്ടിരുന്നതുമാണ്. ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച സെൻസർബോഡ് തീരുമാനം ഹൃദയഭേദകവും നിരാശാജനകവുമെന്നാണ് സംവിധായിക സന്ധ്യാ സൂരി പ്രതികരിച്ചത്. നിരവധി രംഗങ്ങൾ കട്ട് ചെയ്യാൻ സെൻസർ ബോഡ് ആവശ്യപ്പെട്ടതായി സംവിധായിക വെളിപ്പെടുത്തി. ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്യുക എന്നത് അങ്ങേയറ്റം പ്രധാനപ്പെട്ട കാര്യമായാണ് കണ്ടിരുന്നത്. പക്ഷേ സെൻസ്ർ ആവശ്യപ്പെട്ട കട്ടുകൾക്ക് വഴങ്ങാൻ ഒരു നിലയ്ക്കും സാധ്യമല്ലെന്നും സൂരി പറഞ്ഞു.
ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയിൽ അരങ്ങേറ്റം കുറിച്ച സന്തോഷ് ഓസ്കറിൽ യുകെയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഷഹാന ഗോസ്വാമിക്ക് അടുത്തകാലത്താണ് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. ഇന്ത്യൻ സാംസ്കാരിക രംഗത്തെ കടുത്ത നിയന്ത്രണങ്ങൾ ഭരണകൂട സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുവെന്ന വിമർശനം ഉയർന്ന കാലത്താണ് ഇന്ത്യയിലെ സുപ്രധാനമായ ഒരു സാമൂഹ്യ പ്രശ്നം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കപ്പെടുന്നത്.