
ഇന്ത്യൻ യുവ ആഭ്യന്തര ക്രിക്കറ്റ് താരം മുഷീർ ഖാനും പിതാവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ യുവ ബാറ്റർ സർഫറാസ് ഖാൻ്റെ പിതാവും ഇളയ സഹോദരനുമാണ് അപകടത്തിൽപ്പെട്ടത്.
മുംബൈയില്‍ നിന്ന് ടീമിനൊപ്പം ആയിരുന്നില്ല മുഷീര്‍ ലഖ്നൗവിലേക്ക് പോയത്. അസംഗഡില്‍ നിന്ന് പിതാവും കോച്ചുമായ നൗഷാദ് ഖാന് ഒപ്പമുണ്ടായിരുന്നു. ഇറാനി കപ്പ് ടൂർണമെന്റിനായി കാൺപൂരിൽ നിന്ന് ലഖ്നൗവിലേക്ക് സഞ്ചരിക്കവെയാണ് മുഷീറിന് അപകടമുണ്ടായത്.
മുഷീറിന് കഴുത്തിന് പരുക്കേറ്റെന്നും മൂന്ന് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരും എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിതാവിന് കാര്യമായ പരുക്കുകളില്ലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തെ തുടർന്ന് ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഇറാനി കപ്പ് മുഷീറിന് നഷ്ടമാകും. ഒക്ടോബർ 11ന് തുടങ്ങുന്ന രഞ്ജി ട്രോഫിയിലെയും ഏതാനും മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. രഞ്ജിയിൽ അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിന്റെ ഭാഗമായിരുന്നു മുഷീർ.
ദുലീപ് ട്രോഫിയിൽ ഇന്ത്യ എയ്ക്കെതിരെ 181 റൺസ് അടിച്ചെടുത്തിരുന്നു. മറ്റൊരു മത്സരത്തിൽ ഇന്ത്യ ബിയ്ക്ക് വേണ്ടി ഒരു സെഞ്ചുറിയും മുഷീർ നേടിയിരുന്നു. കഴിഞ്ഞ അണ്ടർ 19 ലോകകപ്പോടെയാണ് മുഷീർ ഖാൻ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. ഏഴ് മത്സരങ്ങളിൽ നിന്നായി 360 റൺസ് നേടിയ താരം ടൂർണമെന്റിലെ ഉയർന്ന റൺവേട്ടക്കാരിൽ രണ്ടാമതായിരുന്നു.