
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റണമെന്ന ചർച്ചകൾ സജീവമായിരിക്ക സുധാകരനു പിന്തുണയുമായി ശശി തരൂർ. സുധാകരനെ മാറ്റേണ്ടതില്ലെന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പിൽ വലിയ നേട്ടമാണ് ഉണ്ടായതെന്നും ശശി തരൂർ പറഞ്ഞു. അതേ സമയം പോഡ്കാസ്റ്റ് വിവാദത്തിൽ ഉറുദു കവി കൈഫി ആസ്മിയുടെ വരികൾ ഉദ്ധരിച്ച് നിലപാടിൽ ഉറച്ചു നിൽക്കുന്നതായും തരൂർ വ്യക്തമാക്കി.
പോഡ്കാസ്റ്റ് വിവാദത്തിൽ കോൺഗ്രസ് നേതാക്കാൾ ശശി തരൂരിനെതിരെ വലിയ വിമർശനം ഉന്നയിക്കുമ്പോൾ മൃദുസമീപനമായിരുന്നു കെ. സുധാകരൻ്റേത്. കെ. സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റാൻ തിരക്കുപിടിച്ച ചർച്ചകൾ കോൺഗ്രസിനുള്ളിൽ നടക്കുന്നതായാണ് സൂചന. ഇതിനിടെയാണ് സുധാകരന് ശശി തരൂരിൻ്റെ പരസ്യ പിന്തുണ.
ഉപതെരഞ്ഞെടുപ്പുകളിലെ നേതൃപരമായ നേട്ടം ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ സുധാകരനു വേണ്ടി വാദിക്കുന്നതെങ്കിലും സുധാകരൻ അനുകൂലികളെ കൂടെ നിർത്തി വിമർശന ശരങ്ങളുടെ മുനയൊടിക്കാനാണ് തരൂരിൻ്റെ ശ്രമം. യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനും തരൂർ ശ്രമിക്കുന്നുണ്ട്. തരൂർ ക്രൗഡ് പുള്ള റാണെന്ന മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഘടക കക്ഷികളുടെ പിന്തുണയുണ്ടെന്ന തരൂർ വാദത്തിന് ബലം നൽകുന്നുണ്ട്.
കോൺഗ്രസിലും ഘടകകക്ഷികളിലും പിന്തുണയുണ്ടെന്ന വിശ്വാസത്തിൽ തന്നെയാണ് പോസ് കാസ്റ്റ് വിവാദത്തിൽ തരൂർ നിലപാടിൽ ഉറച്ചു നിൽക്കുന്നത്. തിരുവനന്തപുരത്ത് നടന്ന പൊതു പരിപാടിയിൽ ഉറുദു കവി കൈഫി ആസ്മിയുടെ വരികൾ ഉദ്ദരിച്ചാണ് തരൂർ നിലപാട് ആവർത്തിച്ചത്.
വിവാദങ്ങൾക്കിടെ നാളെ കൊച്ചിയിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം ചർച്ചക്കു വരും. സംസ്ഥാന കോൺഗ്രസിൽ ഐക്യം രൂപപ്പെടുത്താൻ വെള്ളിയാഴ്ച നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്.