"സഹോദരിമാരെ കൊന്നത് അവരുടെ മാനം രക്ഷിക്കാൻ, എല്ലാത്തിനും ഉത്തരവാദികൾ അയൽവാസികൾ"; ലക്‌നൗ കൊലക്കേസിലെ പ്രതിയുടെ കുറ്റസമ്മത വീഡിയോ

ആഗ്രയിലെ സ്വത്ത് കൈക്കലാക്കാൻ അയൽവാസികൾ ശ്രമിക്കുന്നു. അവർ ഹൈദരാബാദിൽ സഹോദരിമാരെ വിൽക്കാനും പദ്ധതിയിട്ടിരുന്നു
"സഹോദരിമാരെ കൊന്നത് അവരുടെ മാനം രക്ഷിക്കാൻ, എല്ലാത്തിനും  ഉത്തരവാദികൾ അയൽവാസികൾ"; ലക്‌നൗ കൊലക്കേസിലെ പ്രതിയുടെ കുറ്റസമ്മത വീഡിയോ
Published on

ലക്നൗവിൽ പുതുവർഷപ്പുലരിയിൽ നടന്ന അരുംകൊലയ്ക്ക് പിന്നാലെ പ്രതി കുറ്റം ചെയ്തതായി സമ്മതിക്കുന്ന വീഡിയോ കണ്ടെടുത്ത് പൊലീസ്. അമ്മയെയും നാല് സഹോദരിമാരെയും കൊല ചെയ്തത് തൻ്റെ കുടുംബത്തെ സംരക്ഷിക്കാനാണെന്നും, സഹോദരിമാരുടെ മാനം സംരക്ഷിക്കാനുമാണെന്ന് 24കാരനായ അർഷദ് പറയുന്ന വീഡിയോയാണ് പൊലീസ് കണ്ടെടുത്തത്. കൃത്യം നടത്തുന്നതിനായി പിതാവും സഹായിച്ചുവെന്നും അർഷദ് വീഡിയോയിൽ പറയുന്നുണ്ട്.

തൻ്റെ കുടുംബത്തെ സംരക്ഷിക്കാനാണ് താൻ ക്രൂരകൃത്യം ചെയ്തതെന്ന് അർഷാദ് വീഡിയോയിൽ പറയുന്നു. "ആഗ്രയിലെ സ്വത്ത് കൈക്കലാക്കാൻ അയൽവാസികൾ ശ്രമിക്കുന്നു. അവർ ഹൈദരാബാദിൽ സഹോദരിമാരെ വിൽക്കാനും പദ്ധതിയിട്ടിരുന്നു. എനിക്ക് അത് അനുവദിക്കാൻ സാധിച്ചില്ല. അതിനാൽ ഞരമ്പ് മുറിച്ച് അവരെ കൊലപ്പെടുത്തി. അയൽപക്കത്തുള്ളവരുടെ പീഡനം മൂലമാണ് ഞങ്ങളുടെ കുടുംബം ഈ നടപടി സ്വീകരിച്ചത്. ഞാൻ എൻ്റെ അമ്മയെയും സഹോദരിമാരെയും കൊന്നു. ഈ വീഡിയോ കിട്ടുമ്പോൾ, അതിന് ഉത്തരവാദികളെ പൊലീസ് അറിയണം. ഞങ്ങൾ ശബ്ദമുയർത്തിയപ്പോൾ ആരും അത് ചെവികൊണ്ടില്ല. ഞങ്ങൾ തണുത്ത് വിറച്ച് നടപ്പാതയിൽ ഉറങ്ങാൻ തുടങ്ങിയിട്ട് 15 ദിവസങ്ങളോളമായി. അവർ ഞങ്ങളുടെ വീടും രേഖകളും പിടിച്ചെടുത്തു," അർഷദ് വീഡിയോയിൽ പറയുന്നു.

കുടുംബം മതം മാറാൻ ആഗ്രഹിക്കുന്നു, നീതി ലഭിക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അപേക്ഷിച്ചതായും യുവാവ് പറഞ്ഞു. മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്നവരുടെ പേരുകളും അർഷദ് വീഡിയോയിൽ എടുത്തു പറഞ്ഞു. അമ്മയുടെയും സഹോദരിമാരുടെയും മൃതദേഹങ്ങൾ വീഡിയോയിൽ കാണിച്ച അർഷദ്, താനും നാളെ രാവിലേക്ക് മുൻപ് ജീവനൊടുക്കുമെന്ന് പറയുന്നുണ്ട്.

"ഞങ്ങൾ ബുദാനിൽ നിന്നുള്ളവരാണ്. ഞങ്ങൾ ബംഗ്ലാദേശികളാണെന്ന് അവർ നുണ പ്രചരിപ്പിച്ചു, മരണാനന്തരമെങ്കിലും കുടുംബത്തിന് നീതി ലഭിക്കണം. ഇതിന് ഉത്തരവാദികളായവർക്ക് പരമാവധി ശിക്ഷ ലഭിക്കണം," അർഷദ് വീഡിയോയിൽ പങ്കുവെച്ചു.

ആഗ്ര സ്വദേശിയായ അർഷാദ് (24) അമ്മ അസ്മയയെയും, സഹോദരിമാരായ ആലിയ (9), അൽഷിയ(19), അക്സ(16), റഹ്മീൻ(18) എന്നിവരെ കൊല ചെയ്ത വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com