
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് മുഈൻ അലി ശിഹാബ് തങ്ങൾ. തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരായ പ്രതികളെയാണ് മുഈൻ അലി ശിഹാബ് തങ്ങൾ സന്ദർശിച്ചത്.
സന്ദർശനശേഷമുള്ള ഫോട്ടോ മുഈൻ അലി ശിഹാബ് തങ്ങൾ തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. യൂത്ത് ലീഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും മുഈൻ അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങാത്ത ഒന്നാം പ്രതിയും, വിചാരണ കോടതി വെറുതെ വിട്ട ആറ് മുസ്ലീം ലീഗ് പ്രവർത്തകരും ഉൾപ്പെടെ 7 പേർക്ക് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയിൽ സിദ്ദിഖ്, അഞ്ചാം പ്രതി മണിയൻ്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതിൽ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചൻ്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്.
2015 ജനുവരി 22നായിരുന്നു സംഘം ചേർന്നെത്തിയ പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മുസ്ലീം ലീഗ് പ്രവർത്തകരായ 17 പേരായിരുന്നു കേസിലെ പ്രതികൾ.