
കൻവാർ യാത്ര പാതകളിലെ കടകളിൽ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി. യുപി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് നീട്ടിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നേരത്തെ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും സുപ്രീംകോടതി പ്രതികരണം തേടിയിരുന്നു.
പേരുകൾ വെളിപ്പെടുത്താൻ ആരെയും നിർബന്ധിക്കാനാവില്ലെന്നാണ് കോടതിയുടെ നീരിക്ഷണം. ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ സ്വമേധയാ പ്രദർശിപ്പിക്കുന്നതിൽ നിന്ന് ആരെയും തടഞ്ഞിട്ടില്ല. നിർബന്ധപൂർവ്വം പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിനെ പിന്തുണയ്ക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് തുല്യാവകാശത്തിന് വിരുദ്ധമാണെന്നും അമിതാധികാര പ്രയോഗമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിയന്ത്രണങ്ങൾക്കെതിരെ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, ടിഎംസി എംപി മഹുവ മൊയ്ത്ര, പ്രൊഫസർ അപൂർവാനന്ദ്, കോളമിസ്റ്റ് ആകർ പട്ടേൽ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്.