ലഖിംപൂർ-ഖേരി വധക്കേസ് ; യുപി സർക്കാരിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 4 കർഷകരടക്കം 8 പേർ കൊല്ലപ്പെട്ട കേസിലാണ് സുപ്രിംകോടതി ഇടപെടൽ. പ്രതിയും ബിജെപി മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ച കേസിലാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടത്.
ലഖിംപൂർ-ഖേരി വധക്കേസ് ; യുപി സർക്കാരിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി
Published on

ലഖിംപൂർ-ഖേരി വധക്കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് സുപ്രിംകോടതി. നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ട കേസിൽ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യ പ്രതി. ആശിഷ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഇരയുടെ കുടുംബം കോടതിയിൽ സമർപ്പിച്ചു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം നൽകി.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 4 കർഷകരടക്കം 8 പേർ കൊല്ലപ്പെട്ട കേസിലാണ് സുപ്രിംകോടതി ഇടപെടൽ. പ്രതിയും ബിജെപി മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ച കേസിലാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി ആവശ്യപ്പെട്ടത്. കേസിൽ വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് യുപി പൊലീസിനോട് സുപ്രിംകോടതി ഉത്തരവിട്ടത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലാണ് വസ്തുതാന്വേഷണ റിപ്പോർട്ട് തേടിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോട്ടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നതിന്റെ ഓഡിയോ തെളിവുകളടക്കം ഇരകളുടെ കുടുംബത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ സമർപ്പിച്ചു.

പ്രതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ധാവെ ആരോപണം നിഷേധിച്ചു. പബ്ലിസിറ്റി ഓറിയൻ്റഡ് മൂവ് എന്നാണ് ആരോപണത്തെ ധാവെ വിശേഷിപ്പിച്ചത്. സാക്ഷികളെ സ്വാധീനിച്ചെന്ന് പറയപ്പെടുന്ന സമയത്ത് മിശ്ര ലോക്‌സഭാ സെക്രട്ടേറിയറ്റിലായിരുന്നുവെന്ന് പ്രതിഭാഗം പറഞ്ഞു. അതിനുള്ള തെളിവ് ഹാജരാക്കാനും സുപ്രിംകോടതി നിർദേശിച്ചു.

2021 ഒക്ടോബർ 3 നാണ് പ്രതി ആശിഷ് മിശ്ര, പിതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ അജയ് മിശ്രയുടെ കാർ, കർഷക പ്രതിഷേധത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയത്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയായിരുന്നു കർഷക പ്രതിഷേധം. സംഭവത്തിൽ നാല് സമരക്കാർ കൊല്ലപ്പെട്ടു. തുടർന്ന് പ്രകോപിതരായ നാട്ടുകാർ ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും മൂന്ന് ബിജെപി പ്രവർത്തകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com