കോടികളുടെ തിരിമറി; പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ പരിശോധന

വനം വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്
പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ
പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ
Published on

വനംവകുപ്പിന് കീഴിൽ തേക്കടിയിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ ധനകാര്യ വകുപ്പിലെ പ്രത്യേക സംഘത്തിൻ്റെ പരിശോധന. കോടിക്കണക്കിനു രൂപയുടെ തിരിമറി നടന്നതായുള്ള പരാതിയെ തുടർന്ന് വനംവകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്.

ജനപങ്കാളിത്ത വനസംരക്ഷണത്തിൻ്റെ ഭാഗമായി 2004 ലാണ് പെരിയാർ കടുവസങ്കേതത്തിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ രൂപീകരിച്ചത്. കടുവ സങ്കേതത്തിൻ്റെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയായിരുന്നു ഫൗണ്ടേഷൻ രൂപീകരണത്തിൻ്റെ ലക്ഷ്യം. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടിന് കീഴിലാണ്  ഇത് പ്രവർത്തിച്ചിരുന്നത്. കടുവ സങ്കേതത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഫൗണ്ടേഷനിലെ പണം ചെലവഴിക്കുന്നതിൽ വൻ തിരിമറി നടക്കുന്നതായി നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷനാണ് വനംമന്ത്രിക്ക് പരാതി നൽകിയത്. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളിൽ നിന്ന് വിവിധയിനങ്ങളിൽ ഈടാക്കുന്ന സർചാർജ്, വിവിധ ഏജൻസികളിൽനിന്ന് ലഭിക്കുന്ന പണം എന്നിവയെല്ലാം ഫൗണ്ടേഷനിലാണ് എത്തുന്നത്. കെട്ടിടങ്ങൾ, ബോട്ട് എന്നിവയുടെ അറ്റകുറ്റപ്പണിക്ക് ലക്ഷക്കണക്കിന് രൂപയാണ് വർഷം തോറും ചെലവാക്കുന്നത്. ഇതിന് ലക്ഷങ്ങളുടെ സാമഗ്രികൾ വാങ്ങാൻ ടെൻഡർ നടപടികൾ നടക്കാറില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി . ഉദ്യോഗസ്ഥർ വഴി നിർമാണങ്ങൾ നടത്തുന്നതിന് ഫൗണ്ടേഷനിൽ നിന്ന് മുൻകൂർ നൽകുന്ന പണം ട്രഷറിയിൽ നിന്ന് ലഭിക്കുമ്പോൾ തിരികെ അടക്കണമെന്നാണ് നിയമം. നിശ്ചിത കാലയളവിനുള്ളിൽ അടച്ചില്ലെങ്കിൽ 18 ശതമാനം പലിശ ഈടാക്കണം. ഈയിനത്തിൽ കോടിക്കണക്കിന് രൂപ ഫൗണ്ടേഷന് കിട്ടാനുണ്ടെന്ന് സ്വകാര്യ കമ്പനിയുടെ ഓഡിറ്റിംഗിലും കണ്ടെത്തിയിരുന്നു.

ഫൗണ്ടേഷനിൽ സർക്കാർ ഓഡിറ്റിംഗ് നടക്കുന്നില്ല. ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തണമെന്ന് വനം മന്ത്രി ആവശ്യപ്പെട്ടത്. ധനവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് രണ്ടുദിവസമായി പരിശോധന നടത്തിയത്. പരിശോധനയിലെ കണ്ടെത്തലുകൾ വനംമന്ത്രിക്ക് റിപ്പോർട്ടായി അന്വേഷണ സംഘം സമർപ്പിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com