

മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ സ്കൂളിൽ വിദ്യാർഥിനികളെ അശ്ശീല വീഡിയോ കാണിച്ച് പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല പരിഷത്ത് സ്കൂളിലെ ആറ് വിദ്യാർഥിനികളെയാണ് 47കാരനായ അധ്യാപകൻ, പ്രമോദ് മനോഹർ സർദാർ പീഡിപ്പിച്ചത്. അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് ജില്ല പരിഷത്ത് ചീഫ് എക്സിക്യൂട്ടീവ് ബി. വൈഷ്ണവി പറഞ്ഞു. വിദ്യാർഥിനികളെ അശ്ശീല വീഡിയോ കാണിച്ച് പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തതായും, വിദ്യാർഥിനികളുടെ മൊഴി എടുത്തതായും പൊലീസ് മേധാവി ബച്ചൻ സിങ് അറിയിച്ചു.
വിദ്യാർഥിനികളെ നാല് മാസമായി അധ്യാപകൻ അശ്ശീല വീഡിയോകൾ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനികൾ ബാലാവകാശ കമ്മീഷൻ്റെ ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെയിൽ നഴ്‌സറി സ്കൂളിൽ രണ്ട് വിദ്യാർഥിനികൾക്കെതിരെ ഉണ്ടായ ലൈംഗിക പീഡനം പുറത്തുവന്നതോടെ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്കൂളിലെ ശുചീകരണത്തൊഴിലാളിയായിരുന്നു നാല് വയസുകാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ബദ്ലാപൂരിൽ കടകൾ അടച്ചും, ട്രെയിൻ തടഞ്ഞും പ്രതിഷേധം അക്രമാസക്തമായിരുന്നു.