
ഡൽഹിയിൽ വായുമലിനീകരണം അതിതീവ്രമായി തുടരുന്നതിനാൽ ജിആർഎപി നാല് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറും. നേരത്തെ പ്രൈമറി സ്കൂളുകൾക്ക് മാത്രമായിരുന്നു ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, മറ്റ് ക്ലാസുകളും ഓൺലൈനായി മാറുമെന്ന് മുഖ്യമന്ത്രി അതിഷി മർലേനയാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പത്ത്, പന്ത്രണ്ട് ക്ലാസിലെ വിദ്യാർഥികളൊഴികെയുള്ളവർക്ക് ഓൺലൈനായി ആയിരിക്കും ക്ലാസുകളെന്നാണ് അതിഷി മർലേന അറിയിച്ചത്.
വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ജിആർഎപി (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) നാല് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ജിആർഎപി നാല് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഇന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തും.
ജിആർഎപി നാലിൽ ട്രക്ക് പ്രവേശന നിരോധനവും, പൊതു പദ്ധതികളിലെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതും നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു. അവശ്യ സേവനങ്ങളൊഴികെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ബിഎസ്-IV അല്ലെങ്കിൽ പഴയ ഡീസൽ മീഡിയം, ഹെവി ഗുഡ്‌സ് വാഹനങ്ങളും നിരോധിച്ചിട്ടുണ്ടെന്നും പാനൽ അറിയിച്ചു. ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ, മറ്റ് പൊതു പദ്ധതികൾ എന്നിവയുൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം, വൈകീട്ട് നാല് മണിയോടെ ഡൽഹിയിൽ എക്യുഐ 441 എന്ന നിലയിലായിരുന്നു. എന്നാൽ, പിന്നീട് ഓരോ മണിക്കൂർ ഇടവിട്ടുള്ള പരിശോധനയിൽ 447, 452, 457 എന്ന നിലയിലേക്ക് എക്യുഐ ഉയർന്നിരുന്നു. അതിതീവ്ര നിലയിലാണ് ഇപ്പോൾ ഡൽഹിയിലെ മലിനീകരണം. ദേശീയ തലസ്ഥാന മേഖലയ്‌ക്ക് (എൻസിആർ) വേണ്ടിയുള്ള ജിആർഎപി ഡൽഹിയിലെ പ്രതികൂല വായു ഗുണനിലവാരത്തെ നാല് വ്യത്യസ്ത ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യ ഘട്ടം (മോശം- എക്യുഐ 201- 300); രണ്ടാം ഘട്ടം(വളരെ മോശം- എക്യുഐ 301- 400); മൂന്നാം ഘട്ടം(തീവ്രം- എക്യുഐ 401- 450); നാലാം ഘട്ടം (അതിതീവ്രം- എക്യുഐ> 450) എന്നിങ്ങനെയാണ് നാല് വ്യത്യസ്ത ഘട്ടങ്ങൾ.