എവറസ്റ്റ് കൊടുമുടിയുടെ വളർച്ച; കാരണം വെളിപ്പെടുത്തി ലണ്ടനിലെ ശാസ്ത്രജ്ഞർ

ഭൂമിയുടെ ഉപരിതലത്തിലെ വസ്തുക്കൾ ഒഴുകിപ്പോകുമ്പോൾ തൊട്ടുതാഴെയുള്ള ഭൂവൽക്കത്തിന് മേലുള്ള സമ്മർദം കുറയും. ആ സാഹചര്യത്തിൽ പർവതം മുകളിലേക്ക് ഉയരുന്നുവെന്നാണ് വിലയിരുത്തൽ
എവറസ്റ്റ് കൊടുമുടിയുടെ വളർച്ച; കാരണം വെളിപ്പെടുത്തി ലണ്ടനിലെ ശാസ്ത്രജ്ഞർ
Published on

ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിൻ്റെ ഉയരം ഓരോ വർഷവും വർധിക്കുന്നുവെന്ന് ശാസ്ത്രലോകം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ശാസ്ത്രജ്ഞർ.

നേപ്പാളിലൂടെ ഒഴുകുന്ന അരുൺ നദിയുടെ ജല പ്രവാഹം എവറസ്റ്റിൻ്റെ ഉയരം വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനം. നദിയിലെ ജലപ്രവാഹത്തിലൂടെ കല്ലുകളും ചെളിയും പാറയും ഒലിച്ചുപോകുന്നുവെന്നും ആ സാഹചര്യത്തിലാണ് എവറസ്റ്റിൻ്റെ ഉയരം വർധിക്കുന്നതെന്നുമാണ് കണ്ടെത്തൽ.

ചരക്ക് കപ്പലിലെ സാധനങ്ങൾ മാറ്റുമ്പോൾ കപ്പലിൻ്റെ ഭാരം കുറയുകയും വെള്ളത്തിന് മുകളിൽ കൂടുതൽ ഉയരത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നതുപോലെയാണ് ഈ പ്രക്രിയ നടക്കുന്നതെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിലെ വസ്തുക്കൾ ഒഴുകിപ്പോകുമ്പോൾ തൊട്ടുതാഴെയുള്ള ഭൂവൽക്കത്തിന് മേലുള്ള സമ്മർദം കുറയും. ആ സാഹചര്യത്തിൽ പർവതം മുകളിലേക്ക് ഉയരുന്നുവെന്നാണ് വിലയിരുത്തൽ.


ഭൂമിക്കടിയിലെ ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ച് തെന്നിമാറിയതിൻ്റെ ഫലമായാണ് എവറസ്റ്റ് രൂപം കൊള്ളുന്നത്. ഇങ്ങനെ തെന്നിമാറുന്ന പ്രക്രിയയിലൂടെ ഉയരം വർധിക്കുന്നുണ്ടെന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കിയത്. ഇതോടൊപ്പം അരുൺ നദിയുടെ പ്രവാഹവും എവറസ്റ്റിന് ഉയരം കൂടുന്നതിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com