
കോട്ടയം പാലായിൽ വാഹനാപകടത്തെ തുടർന്ന് അടിയിൽ കുരുങ്ങിയ സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ. ബൈപാസ്സ് റോഡിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. നിർത്താതെ പോയ ലോറി മരങ്ങാട്ടുപള്ളിയിൽ വൈദ്യുതിപോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇറങ്ങി ഓടിയ ലോറി ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി പാലാ ബൈപാസ്സ് റോഡ് അരികിൽ സ്കൂട്ടർ ഒതുക്കി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു മേവട സ്വദേശികളായ അലൻ കുര്യനും നോബിയും. ഈ സമയം നിയന്ത്രണം നഷ്ട്ടപ്പെട്ട് പാഞ്ഞെത്തിയ ടോറസ് ലോറി ഇവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ ലോറിക്കടിയിൽ കുരുങ്ങി. സ്കൂട്ടറിനെ വലിച്ചുകൊണ്ട് ലോറി നിർത്താതെ മുന്നോട്ട് നീങ്ങി. റോഡിൽ ഉരഞ്ഞു നീങ്ങിയ സ്കൂട്ടറിൽ നിന്ന് തീപ്പൊരികൾ ഉണ്ടായിട്ടിട്ടും ലോറി നിർത്താൻ കൂട്ടാക്കിയില്ല.
8 കിലോമീറ്ററുകൾക്കപ്പുറം മരങ്ങാട്ടുപള്ളിയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ലോറി നിർത്തിയത്. ശേഷം ഡ്രൈവർ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലോറിയിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഡ്രൈവർ മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
ഗുരുതരമായി പരുക്കേറ്റ യുവാക്കൾ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ കാലിൽ കൂടിയാണ് ലോറി കയറിയിറങ്ങിയത്. ഒരാൾക്ക് തോളെല്ലിനും ഗുരുതര പരുക്കുണ്ട്.