
കോട്ടയം പാലായിൽ യുവാക്കളെ ഇടിച്ചിട്ടതിനുശേഷം അടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി ലോറി കടന്നുകളയുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അപകട ശേഷം ഗുരുതര പരുക്കുകളോടെ യുവാക്കൾ വീണുകിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം ലോറി ഡ്രൈവറെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പാലാ ബൈപാസിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡരികിൽ നിന്നിരുന്ന യുവാക്കളെ ഇടിച്ചിട്ട ശേഷം അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി ലോറി കടന്നുകളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മാവടി സ്വദേശികളായ അലൻ കുര്യൻ, നോബി എന്നീ യുവാക്കളെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് വന്ന ലോറി ഇടിച്ചിട്ടത്. യുവാക്കൾ പരുക്കേറ്റ് റോഡിൽ കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
READ MORE: കോഴിക്കോട് കരുവന്‍തിരുത്തിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് 14 ദിവസം; 3000 കുടുംബങ്ങള്‍ ദുരിതത്തില്‍
അപകടം നടന്നതിൻ്റെ സമീപമുള്ള വീടിന് മുകളിൽ നിന്ന് യുവാവ് പകർത്തിയ ദൃശ്യങ്ങളാണിത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പരുക്കേറ്റ യുവാക്കളുടെ ശസ്ത്രക്രിയ കഴിഞ്ഞു. അതേസമയം ലോറി ഡ്രൈവറെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അപകട ശേഷം കിലോമീറ്ററുകൾ സ്കൂട്ടർ വലിച്ചിഴച്ചുകൊണ്ട് ലോറി നിർത്താതെ പോയിരുന്നു. രക്ഷപ്പെടുന്നതിനിടെ മരങ്ങാട്ടുപിള്ളിയിലെ വൈദ്യുതി പോസ്റ്റിലും ലോറി ഇടിച്ചിരുന്നു. ഇതോടെ ഡ്രൈവർ ലോറി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ലോറിയിൽ നിന്ന് പൊലീസ് മദ്യകുപ്പികൾ കണ്ടെടുത്തിരുന്നു.