
കോഴിക്കോട് കടലുണ്ടിയില്‍ കടലാക്രമണത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കടലുണ്ടിയിലെ പരിസര പ്രദേശങ്ങളായ ബൈത്താനി, കടലുണ്ടി കടവ്, കപ്പലങ്ങാടി തുടങ്ങിയവിടങ്ങളിലെ നൂറോളം വീടുകളിലാണ് കടലാക്രമണം രൂക്ഷമായതോടെ വെള്ളം കയറിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കടല്‍പ്രക്ഷുബ്ധമായത്. ജനപ്രതിനിധികള്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് തീരപ്രദേശത്ത് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐ.എന്‍.സി.ഓ.ഐ.എസ്) അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ (21.07.2024 ന്) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.5 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഐ.എന്‍.സി.ഓ.ഐ.എസ് അറിയിച്ചു.
തമിഴ്നാട് തീരത്തും നാളെ (21.07.2024)ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.1 മുതല്‍ 2.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ഐ.എന്‍.സി.ഓ.ഐ.എസ് അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം, മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയവയാണ് ഐ.എന്‍.സി.ഓ.ഐ.എസ് പ്രധാനമായും നല്‍കുന്ന മുന്നറിയിപ്പുകള്‍.