
മലപ്പുറം കാളികാവ് കടുവ ദൗത്യം ഇന്നും തുടരും. എട്ടാം ദിനമായ ഇന്നലെയും കടുവയെ കണ്ടെത്താനായില്ല. കരുവാരക്കുണ്ട് സുൽത്താന എസ്റ്റേറ്റിൽ പ്രദേശവാസി കടുവയെ കണ്ടെങ്കിലും സ്ഥാനം കണ്ടെത്തി മയക്കുവെടി വെയ്ക്കാൻ കഴിഞ്ഞില്ല. ഇതോടെ കാളികടവ് കടുവാ ദൗത്യം ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ്.
കരുവാരക്കുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആർആർടി സംഘത്തിന്റെ തെരച്ചിലിനിടെ കടുവയെ മറ്റൊരിടത്ത് നാട്ടുകാർ കണ്ടെത്തി വനംവകുപ്പിനെ വിവരം അറിയിച്ചു. കടുവയെ കണ്ടെത്തിയിട്ടും ഒരു നടപടിയും എടുക്കാൻ വനo വകുപ്പ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. രാത്രിയിൽ പ്രദേശത്തെ ജനങ്ങൾക്ക് സംരക്ഷണം നൽകണം എന്നായിരുന്നു പ്രധാന ആവശ്യം.
തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ വനം വകുപ്പ് സംരക്ഷണം ഉറപ്പു നൽകി. കടുവയെ കണ്ടെത്തിയ സുൽത്താന എസ്റ്റേറ്റിലും ഒരു കൂടും രണ്ട് ലൈവ് സ്ട്രീമിംഗ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്നും കേരള എസ്റ്റേറ്റും സുൽത്താന എസ്റ്റേറ്റും കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജിതമാക്കും.