അര്‍ജുനായുള്ള തെരച്ചില്‍; ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി

60 അടി താഴ്ച്ചയിലും 20 അടി വീതിയിലും മണ്ണെടുക്കാനാകുന്ന യന്ത്രമാണ് ബൂം ക്രെയിന്‍
ഷിരൂരിൽ നിന്നുള്ള ദൃശ്യം
ഷിരൂരിൽ നിന്നുള്ള ദൃശ്യം
Published on

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിലില്‍ നിര്‍ണായക വിവരം പുറത്തുവിട്ട് നാവിക സേന. സുപ്രധാന സോണര്‍ സിഗ്നല്‍ ലഭിച്ചതായാണ് വിവരം. അഡ്വാന്‍സിസ് പോര്‍ട്ടബിള്‍ സോണാര്‍ സിസ്റ്റം ഉപയോഗിച്ചുള്ള സ്‌കാനിങ്ങിലാണ് സിഗ്‌നല്‍ ലഭിച്ചത്. പുഴയുടെ തീരത്തോട് ചേര്‍ന്ന വെള്ളത്തിനടിയിലാണ് സിഗ്‌നല്‍. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധന്‍ മേഖലയില്‍ തിരച്ചില്‍ നടത്തും.


ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അര്‍ജുന്റെ ലോറി തന്നെയാണോ എന്ന് ഉറപ്പില്ല. സിഗ്നല്‍ കിട്ടിയ ഭാഗത്തെ ലോഹത്തിന്റെ സാന്നിധ്യം നിശ്ചലമായി നില്‍ക്കുകയാണ്. തീരത്തോട് ചേര്‍ന്ന് രണ്ടിടത്തായായാണ് സിഗ്നല്‍ ലഭിച്ചത്. ആദ്യ സിഗ്നല്‍ ലഭിച്ചയിടത്താണ് കൂടുതല്‍ സാധ്യതയെന്നാണ് നേവി വ്യക്തമാക്കുന്നത്.  വെള്ളത്തിൽ കാണാതായ മൃതദേഹങ്ങൾക്കായി കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ തെരച്ചിൽ നടത്തും.

ഒമ്പതാം ദിവസമാണ് അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുന്നത്. ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് നദിയില്‍ തെരച്ചില്‍ ആരംഭിച്ചത്. അറുപത് അടി താഴ്ച്ചയിലും ഇരുപത് അടി വീതിയിലും മണ്ണെടുക്കാനാകുന്ന യന്ത്രമാണ് ബൂം ക്രെയിന്‍. ഇത്തരത്തിലുള്ള രണ്ട് ലാര്‍ജ് എസ്‌കവേറ്റുകളാണ് സൈന്യം തെരച്ചിലിനായി എത്തിച്ചിരിക്കുന്നത്. 

നദിയില്‍ ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സിഗ്നല്‍ കിട്ടിയ ഭാഗത്താണ് രാവിലെ തിരച്ചിൽ ആരംഭിച്ചത്. നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ മാറിയാണ് സിഗ്നല്‍ ലഭിച്ചത്. ഇവിടെ നിന്നും വാഹനം കണ്ടെത്താനായില്ലെങ്കിൽ സമീപ സ്ഥലങ്ങളിലും പരിശോധന നടത്തുമെന്ന് ദൗത്യസംഘം അറിയിച്ചിരുന്നു.  കര, നാവികസേന സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.  സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ഇന്നലെ സ്‌കൂബ ടീമും തെരച്ചിലിന് ഇറങ്ങിയിരുന്നു. എന്നാല്‍, നദിയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ കാര്യമായ തെരച്ചില്‍ നടത്താനായില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com