കാലാവസ്ഥ അനുകൂലം; അർജുനെ തേടി ഈശ്വർ മാൽപെയും സംഘവും പുഴയില്‍

എൻഡിആ‍ർഎഫ്- എസ്‌ഡിആർഎഫ് സംഘങ്ങളും, നേവിയും തെരച്ചിലില്‍ ഭാഗമാകും
കാലാവസ്ഥ അനുകൂലം; അർജുനെ തേടി ഈശ്വർ മാൽപെയും സംഘവും പുഴയില്‍
Published on

ക‍ർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്നുപേർക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. തെരച്ചിലിനായി കഴിഞ്ഞ ദിവസം എത്തിയ മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപെ പുഴയിലിറങ്ങി. ഏറെ പ്രതീക്ഷയോടെയാണ് മാൽപെയും സംഘവും തെരച്ചിലിനിറങ്ങുന്നത്. മാല്‍പെയോടൊപ്പം എൻഡിആ‍ർഎഫ്- എസ്‌ഡിആർഎഫ് സംഘങ്ങളും, നേവിയും തെരച്ചിലില്‍ ഭാഗമാകും. ദൗത്യം വിലയിരുത്തുന്നതിനായി കളക്ടറും, ജില്ലാ പൊലീസ് മേധാവിയും ഷിരൂരിലെത്തിയിട്ടുണ്ട്.

കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് ഷിരൂരിൽ തെരച്ചിൽ പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം  ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തിയിരുന്നു. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. ഇന്നലെ  ഗംഗാവലി പുഴയിൽ നടന്ന തെരച്ചിൽ പ്രതീക്ഷ നൽകുന്നതാണെന്ന് അർജുൻ്റെ സഹോദരി അഞ്ജുവും പ്രതികരിച്ചിരുന്നു. സതീഷ് സെയിൽ എംഎൽഎയുടെ ഇടപെടൽ തെരച്ചിൽ തുടങ്ങാൻ സഹായിച്ചുവെന്നും, തെരച്ചിലിനായി നേവി വരുമെന്നായിരുന്നു പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.

ജില്ലാ ഭരണകൂടം അനുമതി നൽകിയതോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. ഇന്ന് രണ്ടര മണിക്കൂർ പരിശോധന നടത്തുമെന്നും സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം  ഗംഗാവലി പുഴയിലെ ഒഴുക്ക് 2 നോട്ടിക്കൽ മൈലായി രേഖപ്പെടുത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പുഴയില്‍ സ്വമേധയാ തെരച്ചില്‍ നടത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വിദഗ്ധ സഹായം ഇല്ലാതെ മാല്‍പെയെ പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

അതേസമയം,  ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ആവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ഊർജിതമാക്കണമെന്നും കത്തിൽ അഭ്യർഥിച്ചു.അര്‍ജുനെ കണ്ടെത്താന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അർജുൻ്റെ കുടുംബത്തെ അറിയിച്ചിരുന്നു.  അർജുൻ്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലിയും ഉറപ്പ് നല്‍കിയിരുന്നു. 

ഷിരൂരിൽ ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പിന്നീട്, പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com