
വയനാട് ദുരന്തമുഖത്ത് ഇന്നും ജനകീയ തെരച്ചിൽ തുടരും. ചൂരൽമലയിലും ചാലിയാറിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിലാണ് തുടരുന്നത്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാര ചടങ്ങുകൾ ഇന്ന് നടത്തും. വിദഗ്ദ്ധസംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്.
അതേസമയം, ഇന്നലെ തെരച്ചിലിനെത്തിയ സംഘം പരപ്പൻപാറയിൽ കുടുങ്ങിയിരുന്നു. പോത്തുകല്ല് ചാലിയാറിൽ തെരച്ചിലിനു പോയ 14 അംഗ സംഘമാണ് പരപ്പൻപാറയിൽ കുടുങ്ങിയത്. പെട്ടെന്നുള്ള മഴ കാരണമാണ് തെരച്ചിലിനെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകർ വനത്തിൽ കുടുങ്ങിയത്. വെള്ളത്തിൻ്റെ കുത്തൊഴുക്ക് കൂടിയതോടെ തിരിച്ചു വരാൻ കഴിഞ്ഞില്ലെന്നും, പുഴയ്ക്ക് അക്കരെയുള്ള കാപ്പിത്തോട്ടത്തിൽ രാത്രി കഴിച്ചു കൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ അറിയിക്കുകയായിരുന്നു.
വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റി പാർപ്പിച്ചു. തൃക്കൈപ്പറ്റ സ്കൂളിൽ ആണ് ദുരിതാശ്വാസ ക്യാമ്പ്.
വയനാട്ടിൽ പുനരധിവാസത്തിൽ ഊന്നിയുള്ള പ്രവർത്തനത്തിന് പ്രാമുഖ്യമെന്ന് മന്ത്രിസഭ ഉപസമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ താത്ക്കാലികമായി പുനരവധിവസിപ്പിക്കുമ്പോള്‍ ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പടെ ലഭ്യമാക്കും. താത്ക്കാലിക പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച വിശദമായ പട്ടിക നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ചായിരിക്കും ദുരിതബാധിതരെ പുതിയ വീടുകളിലേക്കു മാറ്റുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, ഇത്തരത്തില്‍ പുനരധിവാസത്തിന് എന്തൊക്കെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നത് ആളുകളെ അറിയിക്കുമെന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്.