
അദാനി റിപ്പോർട്ടുമായി ബന്ധപ്പെട്ട് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗ് റിസർച്ച് എൽഎൽസിക്ക്, കാരണം കാണിക്കൽ നോട്ടീസ് നൽകി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചെയ്ഞ്ച് ബോർഡ് ഓഫ് ഇന്ത്യ).
2023 ജനുവരിയിൽ പുറത്തുവിട്ട ആരോപണങ്ങൾക്ക് അദാനിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സെബി, അദാനി ഗ്രൂപ്പിന് സഹായം നൽകുകയാണ് ഉണ്ടായതെന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത് സ്ഥിരീകരിച്ച് ബ്ലോഗ് പോസ്റ്റിൽ ഹിൻഡൻബർഗ് പ്രതികരിച്ചു. ഹിൻഡൻബർഗിന് ഇന്ത്യൻ വ്യവസ്ഥകളുടെ സംശയാസ്പദമായ ലംഘനത്തിനാണ് സെബി നോട്ടീസ് നൽകിയിരിക്കുന്നത്.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും, അദാനിക്കെതിരെ അന്വേഷണം ഉണ്ടാകണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്നു. സെബിക്ക് ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നും നിർദേശവും ലഭിച്ചിരുന്നു. എന്നാൽ, ഇതിനെല്ലാം ശേഷമാണ് സെബിയിൽ നിന്നും ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
സുപ്രീം കോടതി നിർദേശത്തിന് ശേഷവും, റിപ്പോർട്ടിലെ കണ്ടെത്തലുകൾ അംഗീകരിക്കുന്ന നിലപാടായിരുന്നു അദാനിക്കെതിരെ സെബിക്കെന്നും ഹിൻഡൻബർഗിൻ്റെ പോസ്റ്റിൽ പറയുന്നുണ്ട്. വിഷയത്തിൽ കൂടുതൽ കണ്ടെത്തലുകൾക്ക് താൽപര്യമില്ലാത്ത നിലപാടാണ് സെബി സ്വീകരിച്ചതെന്നും ഹിൻഡൻബർഗ് പറയുന്നു.
കൃത്രിമത്വമുള്ള ഓഹരികളും രേഖകളും കാണിച്ച്, തട്ടിപ്പ് നടത്തി എന്നതാണ് അദാനിക്കെതിരെ ഹിൻഡൻബർഗിൻ്റെ പ്രധാന ആരോപണം. ലിസ്റ്റ് ചെയ്ത പ്രധാന കമ്പനികളുടെ മൂല്യം കാണിച്ചിരിക്കുന്നതിനേക്കാൾ 85 ശതമാനം കുറവാണെന്നും ആരോപണമുണ്ടായി. എന്നാൽ, സെബി നടത്തിയ അന്വേഷണത്തേക്കാൾ കൂടുതൽ അന്വേഷണം ഈ വിഷയത്തിൽ ആവശ്യമില്ലെന്ന് ജനുവരിയിൽ സുപ്രീം കോടതി വ്യക്തമാക്കി.
സെബിയും അദാനിയും തമ്മിലുള്ള ആശയവിനിമയത്തിൻ്റെ എല്ലാ ഫോൺ കോൾ, കൂടിക്കാഴ്ച രേഖകളും ലഭിക്കുന്നതിനായി ആർടിഐ ഫയൽ ചെയ്യുമെന്ന് ഹിൻഡൻബർഗ് അറിയിച്ചു.