
പാറശാല ഷാരോൺ വധക്കേസിൽ തട്ടികൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം നടത്തൽ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നിവയിലാണ് ഒന്നാം പ്രതി ഗ്രീഷ്മയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിനീത് കുമാർ. അതേസമയം രണ്ടാം പ്രതി സിന്ധുവിനെ വെറുതെ വിട്ടത് തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള തെളിവുകളുടെ അഭാവം മൂലമാണ്. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. നാളെ ശിക്ഷയിന്മേലുള്ള വാദം കോൾക്കുന്നതിനായുള്ള വിചാരണ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറും കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നാളെ വിധിക്കും.
കഷായത്തിൽ വിഷം കലര്‍ത്തി സുഹൃത്തായ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. വിധി പ്രസ്താവം കേൾക്കാനായി ഗ്രീഷ്മ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിലെത്തിയിരുന്നു.
കേസിൽ ദൃശ്യമാധ്യമങ്ങൾ നല്ല പിന്തുണ നൽകിയതായും, സർക്കാരും അന്വേഷണ ഉദ്യോഗസ്ഥരും ഒപ്പം നിന്നുവെന്നും ഷാരോണിൻ്റെ അച്ഛൻ ജയരാജ് പറഞ്ഞു. പ്രതീക്ഷയോടെ വളർത്തിയ മകനാണ്. ജീവിക്കണോ വേണ്ടയോ എന്ന അവസ്ഥയിലാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ജീവൻ്റെ ജീവനെയാണ് ഗ്രീഷ്മ കൊന്നുകളഞ്ഞത്. പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ഷാരോണിൻ്റെ അമ്മ പ്രിയയും പറഞ്ഞു.