
പി. വി. അൻവറിൻ്റെ ഡിഎംകെയ്‍ക്ക് എതിരെ പരാതി നൽകി എൽഡിഎഫ്. 1000 വീട് വാഗ്ദാനം ചെയ്ത് വോട്ട് തേടുന്നു എന്ന ആരോപണത്തെ തുടർന്നാണ് പരാതി നൽകിയത്. പി.വി. അൻവർ, സ്ഥാനാർഥി എൻ.കെ. സുധീർ എന്നിവർക്ക് എതിരെ നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിംഗ് ഓഫീസർക്കും മുമ്പാകെയാണ് പരാതി നൽകിയത്. ചേലക്കര തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എ. സി. മൊയ്തീനാണ് പരാതി നൽകിയത്.
ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നിട്ടും പ്രകടന പത്രികയിലും പ്രചരണ ബോർഡുകളിലും താൻ പി.വി. അൻവറിൻ്റെ സ്ഥാനാർഥിയാണെന്ന് പറയുന്നുണ്ട്. പി.വി. അൻവർ ഇവിടെ ഒരു സർവേ നടത്തിയതിന് ശേഷമാണ് തന്നെ ഇവിടെ സ്ഥാനാർഥിയാക്കിയതെന്നും സുധീർ പറയുന്നുണ്ട്. സമാനമായ മറ്റ് വാഗ്‌ദാനങ്ങളും സുധീറിൻ്റെ പ്രകടന പത്രികയിലുണ്ട്.
പി.വി. അൻവറും ഡിഎംകെയും വാഗ്ദാനം ചെയ്യുന്ന 1000 വീട് പദ്ധതി തെരഞ്ഞടുപ്പ് ചട്ടലംഘനമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ചില പ്രദേശങ്ങളിൽ വീട് നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും വിവരം ലഭ്യമായിട്ടുണ്ട്. സുധീർ ഡിഎംകെ സ്ഥാനാർഥിയല്ലെന്നും എന്നാൽ ഡിഎംകെ അദ്ദേഹത്തിന് പിന്തുണ മാത്രം നൽകുന്നു എന്നുമാണ് അൻവറിൻ്റെ പ്രതികരണം.