ഓണ്‍ലൈനില്‍ പരിചയപ്പെട്ട യുവതി വീഡിയോ കോള്‍ ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥന് നഷ്ടമായത് 2.5 ലക്ഷം രൂപ

പൊലീസ് ഉദ്യോഗസ്ഥൻ്റെ മകൻ കൂടിയാണ് തട്ടിപ്പിന് ഇരയായത്
unknown call
unknown call
Published on

ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ദിവസേനയെന്നോണം ലഭിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും നിരവധി പേരാണ് പലതരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. മുന്നറിയിപ്പുകള്‍ നല്‍കുന്ന ബാങ്കുകളിലെ ജീവനക്കാര്‍ വരെ തട്ടിപ്പിന് ഇരയാകുന്നുവെന്നതാണ് കൗതുകം. അത്തരമൊരു വാര്‍ത്തയാണ് മുംബൈയില്‍ നിന്നുള്ളത്. 

മുംബൈയിലെ പ്രഭാദേവി ഏരിയയിലുള്ള മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥന് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായത് 2.5 ലക്ഷം രൂപയാണ്. സ്ഥലത്തെ സ്വകാര്യ ബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥനാണ് 26 കാരനായ പരാതിക്കാരന്‍. ഓഗസ്റ്റ് 15 നാണ് പണം നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി വീഡിയോ കോള്‍ ചെയ്തതോടെയാണ് തട്ടിപ്പിന് ഇരയായത്.

ഓഗസ്റ്റ് 15 ന് പുലര്‍ച്ചെ ഒരു മണിയോടെ ഇന്‍സ്റ്റഗ്രാമില്‍ കൃതി ശര്‍മ എന്ന അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നതായി യുവാവ് പറയുന്നു. തുടര്‍ന്ന് ഇദ്ദേഹം യുവതിയുമായി ചാറ്റിങ് ആരംഭിച്ചു. ഇതിനിടയില്‍ തന്റെ മൊബൈല്‍ നമ്പരടക്കം ഓണ്‍ലൈനില്‍ പരിചയപ്പെട്ട അപരിചിതയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥന്‍ നല്‍കി.

മൊബൈല്‍ നമ്പര്‍ ലഭിച്ചതോടെ യുവതി വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്തു. വീഡിയോ കോളില്‍ യുവതി നഗ്നയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യുവാവിനോടും വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടതായും എഫ്‌ഐആറില്‍ പറയുന്നു. പിന്നീടാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം ബാങ്ക് ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞത്.

വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത യുവതി ഇത് ഇന്‍സ്റ്റഗ്രാമിലെ തന്റെ സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായാണ് യുവാവിന്റെ പരാതി. ഒരു ലക്ഷം രൂപ നല്‍കിയാല്‍ വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് അറിയിച്ചു. ഇതോടെ ഒരു ലക്ഷം രൂപ നല്‍കി. പിന്നീട് വീണ്ടും ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.

തുടര്‍ന്നാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് കാണിച്ച് ഉദ്യോഗസ്ഥന്‍ പൊലീസിനെ സമീപിച്ചത്. പൊലീസ് ഉദ്യോഗസ്ഥൻ്റെ മകൻ കൂടിയാണ് പരാതിക്കാരൻ.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com