"വിഷയത്തിൽ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങൾ അനവധി"; യശ്വന്ത് വർമയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ

കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും, കോടതി നിയോഗിച്ച സമിതി മറുപടി നൽകണമെന്നും ഇന്ത്യ ടുഡേയോട് സംസാരിക്കവെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു
"വിഷയത്തിൽ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങൾ അനവധി"; യശ്വന്ത് വർമയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ
Published on

ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കെട്ടുകണക്കിന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സമയബന്ധിതമായി അന്വേഷണം വേണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി. കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും, കോടതി നിയോഗിച്ച സമിതി മറുപടി നൽകണമെന്നും ഇന്ത്യ ടുഡേയോട് സംസാരിക്കവെ അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു. അതേസമയം വിഷയം പാർലമെന്റിൽ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.


ജഡ്ജിയുടെ വീട്ടിൽ നിന്നും എത്ര പണം കണ്ടെത്തി , മുറി പൂട്ടിയിരുന്നോ, പൊലീസ് അടിസ്ഥാന നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നാണ് അഭിഭാഷകൻ മനു സിംഗ്വിയുടെ ആവശ്യം. "അന്വേഷണം ന്യായമായ സമയത്തിനുള്ളിൽ വേഗത്തിൽ അവസാനിപ്പിക്കണം. എന്നാൽ അന്വേഷണം ന്യായമായ നടപടിക്രമം പാലിച്ചുകൊണ്ടായിരിക്കണം. വിഷയത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്," മനു സിംഗ്വി പറയുന്നു.

വിഷയത്തിൽ പരിഗണിക്കേണ്ട സുപ്രധാന ഘടകങ്ങളുണ്ടെന്നാണ് അഭിഭാഷകൻ്റെ പക്ഷം. വാതിൽ തുറന്നിട്ടുണ്ടോ അടച്ചിട്ട നിലയിലായിരുന്നോ? തുറന്ന നിലയിലായിരുന്നെങ്കിൽ വാതിൽ എങ്ങനെ തകർന്നു, സാക്ഷികൾ ആരൊക്കെ, പണം എവിടെ നിന്നാണ് ലഭിച്ചത്, അതിന്റെ ഉത്ഭവം, ഇതെല്ലാം ശ്രദ്ധാപൂർവം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അന്വേഷിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.


കഴിഞ്ഞ ദിവസം യശ്വന്ത് വര്‍മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു. വർമയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യം. ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണ അധികാരമില്ലെന്നും അതിനാൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.


കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറത്തുവിട്ടിരുന്നു. കത്തിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ ചിത്രങ്ങളുൾപ്പെടെയുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്. ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വർമയുടെ മറുപടിയും റിപ്പോർട്ടിലുണ്ടായിരുന്നു. പണം കണ്ടെത്തിയതിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നായിരുന്നു റിപ്പോർട്ടിൽ യശ്വന്ത് വർമയുടെ വിശദീകരണം.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസുമാരായ ഷീല്‍ നാഗു, ജി.എസ്. സന്ധാവാലിയ, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. യശ്വന്ത് വർമയെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് നീക്കി ഡൽഹി ഹൈക്കോടതി ഉത്തരവുമിട്ടിരുന്നു. യശ്വന്ത് വർമയുടെയും സ്റ്റാഫിൻ്റെയും സുരക്ഷാ ഉദ്യോഗസ്ഥൻ്റെയും ഫോൺ കോൾ റെക്കോഡ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇന്നലെ ഡൽഹി പൊലീസിന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ആറ് മാസത്തെ ഫോൺ വിവരങ്ങൾ ശേഖരിച്ച് ഡൽഹി പൊലീസ് കോടതിക്ക് കൈമാറി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com