
സെർബിയയില്‍ പ്രധാനമന്ത്രി മിലോസ് വുചെവിച് രാജിവെച്ചു. മാസങ്ങള്‍ നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് പ്രധാനമന്ത്രി രാജി സമർപ്പിച്ചത്. കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത് ഒഴിവാക്കാനും സമൂഹത്തിൽ കൂടുതൽ സംഘർഷങ്ങൾ ഉയർത്താതിരിക്കാനുമാണ് താൻ പ്രവർത്തിച്ചതെന്ന് രാജിക്ക് ശേഷം മിലോസ് വുചെവിച് പ്രതികരിച്ചു.
പ്രധാനമന്ത്രി രാജിവെച്ചതോടെ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമോ എന്നതില്‍, 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് സെർബിയന്‍ പ്രസിഡന്‍റ് അറിയിച്ചു. പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തണോ അതോ പുതിയ സർക്കാർ രൂപീകരിക്കണോ എന്നതിൽ അടുത്ത 10 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രസിഡന്‍റ് അലക്‌സാണ്ടർ വുസിക് വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം നവംബറിൽ നോവി സാദ് റെയിൽവേ സ്റ്റേഷന്‍റെ കോൺക്രീറ്റ് മേല്‍ക്കൂരയിടിഞ്ഞുവീണ് 15 പേർ കൊല്ലപ്പെട്ടതോടെയാണ് സെർബിയയില്‍ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളാരംഭിച്ചത്. പണിമുടക്കിയും, ഗതാഗതം സ്തംഭിപ്പിച്ചും, പതിനായിരങ്ങള്‍ തെരുവിലിറങ്ങിയ പ്രതിഷേധത്തെ തുടർന്ന് മുൻ ഗതാഗത മന്ത്രിയുള്‍പ്പടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു.