
മധ്യപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഒമ്പത് വയസുള്ള ആൺകുട്ടിയും ഉണ്ട്. ഛത്തർപൂരിൽ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് മൂന്നാം ക്ലാസ് വിദ്യാർഥി രവീന്ദർ റായ്‌ക്‌വാർ ഇടിമിന്നലേറ്റ് മരിച്ചത്.
മഹാരാജ്‌പൂരിലാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്തത്. ഗ്വാളിയോറിലെ ഭിതർവാർ മേഖലയിൽ ഇടിമിന്നലേറ്റ് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്വാളിയോർ, അജയ്‌ഗഡ് എന്നിവടങ്ങളിലും ഇടിമിന്നലേറ്റ് മൂന്നു പേർ മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശിൽ പലയിടത്തും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.