
പശ്ചിമബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ സി.വി ആനന്ദബോസ്. കൊല്‍ക്കത്തയില്‍ ആരും സുരക്ഷിതരല്ലാത്ത അവസ്ഥയാണ്. അഴിമതിയും അക്രമവുമാണ് പശ്ചിമബംഗാളിൻ്റെ ശത്രുക്കള്‍. മമത സർക്കാർ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആരാണ് കള്ളന്‍, ആരാണ് പൊലീസ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പൊലീസിൽ ഭൂരിപക്ഷവും ക്രിമിനലുകൾ ആയി മാറിയെന്നും ന്യൂസ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആനന്ദബോസ് പ്രതികരിച്ചു.
വ്യക്തിപരമായി മമത ബാനർജിയോട് ശത്രുതയില്ല. മമതയെ എതിർക്കുകയല്ല, ഞാൻ എൻ്റെ ധർമമാണ് ചെയ്യുന്നത്. ബംഗാളിലെ ക്രമസമാധാന പ്രശ്നങ്ങളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താനാവില്ല. ബംഗാളില്‍ തെരഞ്ഞെടുപ്പുകള്‍ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നു. ബംഗാളിലെ തെരഞ്ഞെടുപ്പിൽ നടക്കുന്നത് ഗുണ്ടാരാജാണ്. ശക്തമായ നടപടി കൊണ്ട് മാത്രമേ ബംഗാളിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ - ആനന്ദബോസ് പറഞ്ഞു.
ലൈംഗികാരോപണത്തിലും ആനന്ദബോസ് പ്രതികരിച്ചു. "ആരോപണത്തെ അവഗണിക്കുന്നു. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം മാത്രമാണ്. ആരെങ്കിലും ചെളി വാരിയെറിയുന്നതുകൊണ്ട് നിയമപരമായി പോകേണ്ടതില്ല. ലൈംഗികാരോപണം ഗൂഢാലോചനയല്ല. ഒട്ടും ആലോചനയില്ലാത്ത പ്രസ്താവന മാത്രമാണ്. പരാതി പറഞ്ഞയാള്‍ അത് പിന്‍വലിച്ചു.
കള്ളക്കേസുകൾ ഉണ്ടാക്കിയ പൊലീസിനെതിരെയാണ് നടപടി ഉണ്ടാകേണ്ടത്. എനിക്കെതിരെ ബംഗാൾ പൊലീസ് ചെയ്യുന്നത് എനിക്ക് പ്രശ്നമില്ല. പക്ഷേ സംസ്ഥാനത്ത് പൊലീസ് രാജ് നടപ്പാക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്നും ആനന്ദബോസ് വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി ആനന്ദബോസ് പറഞ്ഞു. കേരളത്തിലെ യുവതലമുറയിൽ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.