ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ച് സെക്സ് റാക്കറ്റ്; പതിനേഴുകാരി രക്ഷപ്പെട്ടത് സിനിമാ കഥ പോലെ

ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ച് സെക്സ് റാക്കറ്റ്; പതിനേഴുകാരി രക്ഷപ്പെട്ടത് സിനിമാ കഥ പോലെ

പ്രതി ഫർഹാൻ അലിയെ ഒഡീഷയിലെ ഭദ്രകലിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്
Published on


കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സെക്സ് റാക്കറ്റിന്‍റെ കെണിയിൽ നിന്നും രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. അസം സ്വദേശി ഫർഹാൻ അലിയാണ് പിടിയിലായത്. ഒഡീഷയിലെ ഭദ്രകലിൽ നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. അസം സ്വദേശിയായ പതിനേഴുകാരിയെ ജോലി വാഗ്ദാനം നൽകി കേരളത്തിലെത്തിച്ച് സെക്സ് റാക്കറ്റിൻ്റെ കെണിയിൽപ്പെടുത്തി എന്നാണ് പരാതി.

തടവിൽ പാർപ്പിച്ചിരുന്ന ലോഡ്ജിൽ നിന്നും രക്ഷപ്പെട്ട കുട്ടി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. കൂടുതൽ പെൺകുട്ടികൾ ലോഡ്ജിൽ ഉണ്ടായിരുന്നെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി ഫർഹാൻ അലിയെ പരിചയപ്പെടുന്നത്. മൂന്നുമാസം മുൻപാണ് അസം സ്വദേശിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി വാങ്ങി നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ കോഴിക്കോട് എത്തിച്ച പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുകയുമായിരുന്നു.

പ്രതി ഫർഹാൻ അലി ഫോണിൽ സംസാരിക്കാനായി മുറി തുറന്ന് ടെറസിലേക്ക് പോയപ്പോഴാണ് പെൺകുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മുറിയിൽ നിന്ന് രക്ഷപ്പെട്ട ഉടൻ മുന്നിൽക്കണ്ട ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു.

സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പൊലീസ് പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ് നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. പിടിയിലായ ഫർഹാൻ അലിയെ ഉടൻ കേരളത്തിലെത്തിക്കും.


News Malayalam 24x7
newsmalayalam.com