പരാതി പിന്‍വലിക്കണമെന്ന് ഭീഷണി, ജോലിയില്‍ നിന്ന് പുറത്താക്കി; രഞ്ജിത്തിനെതിരെ വീണ്ടും യുവാവ്

സംഭവത്തിൽ രഞ്ജിത്തിനെതിരെ കോഴിക്കോട് അസിസ്റ്റന്‍റ് കമ്മീഷണർക്ക് യുവാവ് പരാതി നൽകി.
പരാതി പിന്‍വലിക്കണമെന്ന് ഭീഷണി, ജോലിയില്‍ നിന്ന് പുറത്താക്കി; രഞ്ജിത്തിനെതിരെ വീണ്ടും യുവാവ്
Published on


സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും ആരോപണവുമായി ലൈംഗിക പീഡനത്തിന് പരാതി നൽകിയ യുവാവ് . താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ രഞ്ജിത്ത് സ്വാധീനിച്ചുവെന്നും, രഞ്ജിത്തിനെതിരായ പരാതി പിൻവലിക്കാത്തതിനാൽ തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ രഞ്ജിത്തിനെതിരെ കോഴിക്കോട് അസിസ്റ്റന്‍റ് കമ്മീഷണർക്ക് യുവാവ് പരാതി നൽകി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് ആദ്യം രംഗത്തെത്തിയത്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു. നഗ്നചിത്രം അയച്ചുനൽകിയെന്ന കുറ്റത്തിന് ഐടി ആക്ടും രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ രഞ്ജിത്ത് സ്വാധീനിച്ചുവെന്നും, രഞ്ജിത്തിനെതിരായ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് അവർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് യുവാവ് വീണ്ടും രംഗത്തെത്തിയത്. അനുസരിക്കാതിരുന്നതോടെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

കേസ് പൂർണമായും ബെംഗളൂരുവിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്. തനിക്കുവേണ്ടി ഹാജരാകുന്നത് ആരാണെന്ന് പോലും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നും, വക്കീലുമായി സംസാരിക്കാൻ പോലും സാധിച്ചിട്ടില്ലെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയുമുണ്ട്. സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com