ലൈംഗികാതിക്രമക്കേസ് ; ഡിജിപിക്ക് പരാതി നല്‍കാന്‍ നിവിന്‍ പോളി; പിന്നില്‍ ഹണി ട്രാപ് സംഘമെന്ന് ആരോപണം

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതി
ലൈംഗികാതിക്രമക്കേസ് ; ഡിജിപിക്ക് പരാതി നല്‍കാന്‍ നിവിന്‍ പോളി; പിന്നില്‍ ഹണി ട്രാപ് സംഘമെന്ന് ആരോപണം
Published on

പീഡന പരാതിയില്‍ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങി നിവിൻ പോളി. തനിക്കെതിരായ പീഡനക്കേസ് ഗൂഢാലോചനയാണ് എന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകുക. പരാതികാരിയും ഭർത്താവും ഹണി ട്രാപ്പ് സംഘമെന്നാണ് നിവിന്‍ പോളിയുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് നടന്‍റെ ആവശ്യം.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതി. കോതമംഗലം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്.  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.


നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിർമാതാവ് എകെ സുനിലാണ് , മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നവരാണ് മറ്റ് പ്രതികള്‍. ആറു ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

അതേസമയം, പീഡനാരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നാണ് നിവിന്‍ പോളിയുടെ വാദം. ആരോപണം അടിസ്ഥാന രഹിതമാണ്. ഇതാദ്യമായാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണം വരുന്നത്. നിയമത്തിന്‍റെ എല്ലാ വഴികളും സ്വീകരിക്കും. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാന്‍ തയാറാണ്. ഒന്നരമാസം മുന്‍പ് ഊന്നുകല്‍ പൊലീസില്‍ നിന്ന് വിളിച്ചിരുന്നു, വ്യാജാരോപണം ആണെന്ന് അന്ന് തന്നെ അറിയിച്ചതാണ്. ഇത് മനപൂര്‍വമുള്ള പരാതിയാണ്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും ആരോപണം വീണ്ടും ഉയർന്നു വന്ന സാഹചര്യത്തില്‍  വാർത്താസമ്മേളനം വിളിച്ചുചേർത്ത് നിവിന്‍ പോളി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com