നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍; രണ്ടാംഘട്ട അന്വേഷണത്തിനൊരുങ്ങി എസ്ഐടി

നടന്മാർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയവരെ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്
നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍; രണ്ടാംഘട്ട അന്വേഷണത്തിനൊരുങ്ങി എസ്ഐടി
Published on

നടന്മാർക്കെതിരെ എടുത്ത ലൈംഗികാതിക്രമ കേസുകളിൽ രണ്ടാംഘട്ട അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച മുകേഷിനെയും ഇടവേള ബാബുവിനെയും ഉടൻ ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ കേസെടുക്കുന്ന നടപടിയിലേക്കും സംഘം ഉടൻ കടക്കുമെന്നാണ് സൂചന.

നടന്മാർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയവരെ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യഘട്ടത്തില്‍ ഒന്‍പത് നടിമാരെയാണ് നേരില്‍ കണ്ട് മൊഴിയെടുത്തത്. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്.

Also Read: സംഗീത മേഖലയിലും പവർ ഗ്രൂപ്പുണ്ട്; പ്രീതിപ്പെടുത്തിയാൽ മാത്രം അവസരം എന്നാണ് അവസ്ഥ; ഗൗരി ലക്ഷ്മി ന്യൂസ് മലയാളത്തോട്

എസ്ഐടിക്ക് റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം കൈമാറിയ ശേഷമേ മുദ്രവെച്ച കവറിലുള്ള റിപ്പോര്‍ട്ട് പരിശോധിക്കുകയുള്ളൂ എന്ന് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയുമായ നടന്ന കൂടിക്കാഴ്ചയില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ എസ്‌ഐടിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക അറിയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം ശരിയായ രീതിയിലാണോ നീങ്ങുന്നതെന്ന് സംശയമുണ്ടെന്ന് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു. അതോടൊപ്പം പോഷ് നിയമം സിനിമാ സെറ്റുകളില്‍ കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യവും ഡബ്ല്യുസിസി മുന്നോട്ട്‌വെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com