ലൈംഗിക പീഡനക്കേസ്: ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം; സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസുണ്ടെന്ന് ഹൈക്കോടതി

ആലുവ സ്വദേശിനിയായ നടി നൽകിയ ലൈംഗിക പീഡനക്കേസിൽ ബാലചന്ദ്ര മേനോന് നേരത്തേ കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു
ലൈംഗിക പീഡനക്കേസ്: ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം; സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസുണ്ടെന്ന് ഹൈക്കോടതി
Published on

ആലുവ സ്വദേശിനിയായ നടി നൽകിയ ലൈംഗിക പീഡനക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ച ചലച്ചിത്രകാരനാണെന്നതും 17 വർഷം വൈകിയാണ് പരാതി ഉന്നയിച്ചതെന്നതും അടക്കം കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു ബാലചന്ദ്ര മേനോനെതിരായ ലൈംഗികാതിക്രമണ പരാതി. 2007ൽ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് തിരുവനന്തപുരം കൻ്റോൺമെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആലുവ സ്വദേശിനിയായ നടി നൽകിയ ലൈംഗിക പീഡനക്കേസിൽ ബാലചന്ദ്ര മേനോന് നേരത്തേ കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം നൽകുന്നതിനെ എതിർത്ത് റിപ്പോർട്ട് നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഇടക്കാല ജാമ്യവും നീട്ടി ഉത്തരവായിരുന്നു. ഇതിനിടെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്ര മേനോൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നായിരുന്നു ആരോപണം. ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് അഭിഭാഷകൻ ഫോണില്‍ വിളിച്ച് മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ധനമോഹികളുടെ ഗൂഢനീക്കത്തിന്‍റെ ഇരയാണ് താനെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ ആരോപിച്ചിരുന്നു.

ബാലചന്ദ്ര മേനോൻ്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ച കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 40 സിനിമകൾ ചെയ്ത ചലച്ചിത്രകാരനാണെന്നതും ലൈംഗിക ആരോപണ പരാതിയിൽ നടന്നതായി പറയുന്ന സംഭവം 17 കൊല്ലം മുന്‍പായിരുന്നു എന്നതടക്കം പരിഗണിച്ചാണ് ഉത്തരവ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com