
പാലക്കാട് എസ്എഫ്ഐ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ യൂണിയൻ ഭാരവാഹി ഉള്‍പ്പെടെ നാല് കെഎസ്‌യു നേതാക്കളായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് കോളേജ്. ഒറ്റപ്പാലം എൻഎസ്എസ് കോളേജിന്റെയാണ് നടപടി. കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു പ്രവർത്തകരായ സൂരജ്, റഹൂഫ്, അഭിനേഷ് എന്നിവരെയാണ് കോളേജ് കൗൺസിൽ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ നാല് കെഎസ്‌യു പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥി കാർത്തിക്കിനെയാണ് പ്രതികൾ മർദിച്ചത്. കഴുത്തിൽ കേബിൾ വയർ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിനടിയിൽ കമന്റ് ഇട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതികളായ വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു.
പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പ്രതികളെ കൊളേജിൽ നിന്നും സസ്പെൻഡ് ചെയ്തത്. കാർത്തിക്കിനെ മർദിച്ച സംഭവത്തിൽ ഇനിയും പ്രതികളുണ്ടെന്നും അവർക്കെതിരെയും നടപടിയുണ്ടാകണമെന്നുമാണ് എസ്എഫ്ഐയുടെ ആവശ്യം. അറസ്റ്റിലായ നാല് പേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.