സംഘടനാ പ്രവര്‍ത്തനം മൗലിക അവകാശം; പക്ഷെ എസ്എഫ്‌ഐ ക്യാമ്പസുകളില്‍ നടത്തുന്നത് ഗുണ്ടായിസം: അലോഷി സേവ്യര്‍

എസ്എഫ്ഐയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്, തിരുത്താൻ തയാറാകണമെന്നും അലോഷി സേവ്യര്‍
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷി സേവ്യർ
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷി സേവ്യർ
Published on

കലാലയങ്ങളില്‍ എസ്എഫ്‌ഐ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷി സേവ്യര്‍. കാര്യവട്ടം സംഘര്‍ഷത്തില്‍ കെഎസ്‌യുവിന് നീതി ലഭിച്ചിട്ടില്ല. എസ്എഫ്‌ഐയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അത് തിരുത്താന്‍ തയാറാകണമെന്നും അലോഷി സേവ്യര്‍ പറഞ്ഞു. ക്യാമ്പസില്‍ സംഘടനാ പ്രവര്‍ത്തനം നടത്തുക എന്നത് മൗലിക അവകാശമാണ്.

കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ നേടിയെടുത്ത അവകാശങ്ങളെല്ലാം ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ്. വിദ്യാര്‍ഥി മുന്നേറ്റങ്ങളെ തടയിടാന്‍ ക്യാമ്പസുകളോ സ്ഥാപന മേധാവികളോ ശ്രമിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് കെഎസയുവിന്. കൊയിലാണ്ടിയില്‍ പ്രിന്‍സിപ്പാളിന്റെ ഭാഗത്തു തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ അവലംബിക്കേണ്ട കാര്യമാണ്. അതിനെതിരെ നടപടിയെടുക്കണമെന്നാണ് കെഎസ്‌യു ആവശ്യപ്പെടുന്നത്.

എസ്എഫ്‌ഐക്ക് തീവ്ര വലതുപക്ഷ ചിന്താഗതിയാണെന്നും, കോളേജില്‍ പ്രവര്‍ത്തിച്ചത് വലിയ ഗുണ്ടായിസമാണെന്നും അലോഷി സേവ്യര്‍ ആരോപിച്ചു. തനിയെ നില്‍ക്കാന്‍ എഐഎസ്എഫിന് ആര്‍ജവമില്ലെന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞതിന്റെ അര്‍ത്ഥം. എഐഎസ്എഫ് അത് തിരിച്ചറിഞ്ഞ് നിലപാട് പറയാന്‍ തയ്യാറാകണം.എസ്എഫ്‌ഐയുടെ തടവറയില്‍നിന്ന് എഐഎസ്എഫ് പുറത്ത് വരണമെന്നും അലോഷി സേവ്യര്‍ പറഞ്ഞു.

ധീരജ് വധവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിന് പങ്കില്ല. അന്വേഷണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനായില്ല. സര്‍ക്കാരിന് ആര്‍ജ്ജവം ഉണ്ടെങ്കില്‍ അന്വേഷിച്ച് പ്രതികളെ കണ്ടെത്തണമെന്നും അലോഷി സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com