'കലോത്സവത്തിൽ ഒരു കെഎസ്‌‌യു പ്രവർത്തകനും പരിക്കേറ്റിട്ടില്ല'; സിസിടിവി ദൃശ്യം പുറത്തു വന്നിട്ടും മാധ്യമങ്ങൾ നൽകിയില്ലെന്ന് പി.എം. ആർഷോ

കാലിക്കറ്റ് സർവകലാശാല യൂണിയൻ ഫണ്ട് തട്ടിപ്പിൽ ഡിജിപിയ്ക്ക് പരാതി നൽകിയതായും ആർഷോ അറിയിച്ചു
'കലോത്സവത്തിൽ ഒരു കെഎസ്‌‌യു പ്രവർത്തകനും പരിക്കേറ്റിട്ടില്ല'; സിസിടിവി ദൃശ്യം പുറത്തു വന്നിട്ടും മാധ്യമങ്ങൾ നൽകിയില്ലെന്ന് പി.എം. ആർഷോ
Published on

കാലിക്കറ്റ് സർ‍വകലാശാല ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ മുഖ്യധാര മാധ്യമങ്ങൾ സ്വീകരിച്ച സമീപനം ശരിയല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. സിസിടിവി ദൃശ്യം പുറത്തു വന്നിട്ടും മാധ്യമങ്ങൾ നൽകിയില്ലെന്നാണ് ആരോപണം. കലോത്സവത്തിൽ ഒരു കെഎസ്‌‌യു പ്രവർത്തകനും പരിക്കേറ്റിട്ടില്ലെന്നും ആർഷോ പറഞ്ഞു.

എസ്എഫ്ഐ ആക്രമിച്ചുവെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്ത‌ലെന്ന് ആർഷോ പറഞ്ഞു. സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. തങ്ങൾ പ്രതിരോധിച്ചതാണ് എന്നാണ് കെ.എസ്.യു പറയുന്നത്. അക്രമങ്ങൾ ഏറ്റുവാങ്ങിയ ചരിത്രമാണ് എസ്എഫ്ഐക്കുള്ളത്. അക്രമ പരമ്പര അവസാനിപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും കലോത്സവ വേദിയെ മാതൃകാപരമായി പങ്കെടുത്തു പോകാനുള്ള ഇടമാക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു‌. കാലിക്കറ്റ് സർവകലാശാല യൂണിയൻ ഫണ്ട് തട്ടിപ്പിൽ ഡിജിപിയ്ക്ക് പരാതി നൽകിയതായും തട്ടിപ്പിൻ്റെ ഉറവിടം അന്വേഷിച്ചെത്തുന്നത് ലീഗിലേക്കായിരിക്കുമെന്നും പി.എം. ആർഷോ കൂട്ടിച്ചേർത്തു.


മാള ഹോളി ​ഗ്രേസ് കോളേജില്‍ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ മത്സരഫലം ചോദ്യം ചെയ്താണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. കെഎസ്‌യു-എസ്‍എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തി. സംഭവത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. തുടർന്ന് കലോത്സവം നിർത്തിവച്ചു. കെഎസ്‍യു ജില്ലാ അധ്യക്ഷൻ ​ഗോകുൽ ​ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. എന്നാൽ എസ്എഫ്ഐയാണ് ആക്രമിച്ചതെന്നാണ് കെഎസ്‍യുവിന്റെ വാദം.


സംഘർഷത്തില്‍ പ്രതികളായ കെഎസ്‌യു നേതാക്കളെ ഇരിങ്ങാലക്കുട സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻറ് ഗോകുൽ ഗുരുവായൂർ , സംസ്ഥാന നേതാക്കളായ സുദേവൻ , സച്ചിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

കേസിലെ മറ്റു പ്രതികൾക്കായി മാള പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കെഎസ്‌യു നേതാക്കളെ ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്കായും അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിൽ കൊരട്ടി പൊലീസ് പരിശോധന നടത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com