
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി ഷാഫി പറമ്പില്‍. ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെയും എസ് പി സുജിത് ദാസിനെയും ഭയക്കുകയാണെന്ന് ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. മറച്ചുപിടിക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത്തരത്തില്‍ മുഖ്യമന്ത്രി ഭയക്കുന്നതെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിലെ കൊടി സുനിമാരാണ് അജിത് കുമാറും സുജിത് ദാസും. ഇത്തരത്തില്‍ പൊലീസിലെ ക്രിമിനലുകളെ സംരക്ഷിച്ച് നിര്‍ത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന് കീഴില്‍ പൊലീസ് കള്ളന്റെ പണിയാണ് എടുക്കുന്നത്. ഇതിലും ഭേദം അജിത് കുമാര്‍ തന്നെ തന്നെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതാണ്. പി. ശശിക്കും എഡിജിപിക്കും മുഖ്യമന്ത്രിയുടെ അടുക്കള രഹസ്യങ്ങള്‍ അറിയാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ALSO READ: മുഖ്യമന്ത്രിയ്ക്ക് എഡിജിപിയെ ഭയം; ബ്ലാക്ക്‌മെയിലിങ്ങിന് വിധേയനായെന്ന് സംശയം; കേരളത്തിലേത് അന്തസില്ലാത്ത ഭരണം : രമേശ് ചെന്നിത്തല
ഷാഫി പറമ്പിലിന്റെ വാക്കുകള്‍
ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സംസ്ഥാനത്തെ ജനത ഓരോ മണിക്കൂറിലും കേള്‍ക്കേണ്ടി വരുന്നത്. ഒടുവില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്,ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാര്‍ തന്‍റെ ഔദ്യോഗിക വാഹനം ഒരു ഹോട്ടലില്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ പോയി തൃശൂരിൽ വെച്ച് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലെയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി എന്നാണ്. ഇത്തരത്തില്‍ ഓരോ മണിക്കൂറിലും പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോഴും അജിത് കുമാറിനെയും സുജിത് ദാസിനെയും പോലെയുള്ള ക്രിമിനല്‍ ഉദ്യോഗസ്ഥരെ കേരളത്തിന്റെ മുഖ്യമന്ത്രി സംരക്ഷിച്ച് പിടിക്കുകയാണ്.
ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ല എന്ന് വീമ്പിളക്കിയിരുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടിയാണ് എന്നുള്ളത് വളരെ വ്യക്തമായിരിക്കുകയാണ്. അതിന് കാരണം സ്വര്‍ണക്കടത്തും സംഘപരിവാറുമാണ് എന്നാണ് വെളിപ്പെടുത്തലുകളിലൂടെ വ്യക്തമാകുന്നത്.
മറയ്ക്കാന്‍ ഒരുപാട് ഉള്ളതുകൊണ്ടും അരമന രഹസ്യങ്ങള്‍ ഒരുപാട് അറിയാവുന്നതുകൊണ്ടുമാണ് ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും ഇവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് പേടിയാണ്. ഇവര്‍ രണ്ട് പേരും മുക്കല്‍ വിദഗ്ധന്മാരാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുള്ള പല കേസുകളിലും അവരുടെ പങ്കിനെ മുക്കി കൊടുക്കുന്ന പരിപാടിയാണ് ഈ ഉദ്യോഗസ്ഥരൊക്കെ നടത്തിയത് എന്നതുകൊണ്ടല്ലേ ഈ പേടി.
ഇത്ര മോശമായ രീതിയില്‍ പൊലീസിനെ സംബന്ധിച്ചും മറ്റും വിളിച്ചു പറഞ്ഞതിന്റെ എല്ലാ തെളിവുകളും പുറത്തുവന്നിട്ടും എന്താണ് ഇദ്ദേഹം നടപടി എടുക്കാന്‍ പേടിക്കുന്നത്. മറച്ചു പിടിക്കാന്‍ ഒരുപാട് ഉള്ളതുകൊണ്ടാണ് ഈ പേടി. അരമന രഹസ്യങ്ങള്‍ പുറത്തുപറയുമെന്ന ഇവരുടെ ഭീഷണിക്ക് പുറത്തായിരിക്കും ഇവരെ സംരക്ഷിച്ച് നിര്‍ത്തുന്നത്. എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
പൂരം കലക്കാന്‍ നേതൃത്വം നല്‍കിയത് ഒരു കമ്മീഷണര്‍ അഴിഞ്ഞാടിയിട്ടാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആ കമ്മീഷണർക്ക് മേലെയുള്ള എഡിജിപി, ആഭ്യന്തര വകുപ്പ് മന്ത്രി, ഡിജിപി, ആരും എന്തുകൊണ്ട് അയാളെ നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറായില്ല. എന്നുവെച്ചാല്‍ ബിജെപിക്ക് വേണ്ടി കുളം കലക്കി കൊടുക്കുന്ന പരിപാടി മുഖ്യമന്ത്രി കൂടി അറിഞ്ഞ് പൊലീസ് നടപ്പിലാക്കി കൊടുത്തതാണ്.
ബിജെപി കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് അക്കൗണ്ട് തുറന്നതിന്റെ ക്രെഡിറ്റ് സുരേഷ് ഗോപിക്കുള്ളതല്ല, മുഖ്യമന്ത്രിക്കുള്ളതാണ്. ആ നന്ദി ബിജെപി അറിയിക്കേണ്ടത് പിണറായി വിജയനാണ്. കേരളത്തില്‍ ആരും അറിയാതെ നാലോ അഞ്ചോ തവണ പ്രകാശ് ജാവഡേക്കര്‍ എന്ന ബിജെപി നേതാവുമായി മുഖ്യമന്ത്രി എന്തിന് കൂടിക്കാഴ്ച നടത്തി എന്ന് ചോദിക്കാന്‍ ആര്‍ജവമുള്ള ആരും ആ പാര്‍ട്ടിയിലോ നേതൃത്വത്തിലോ ഇല്ല.
പൊലീസിലെ കൊടി സുനിമാരാണ് അജിത് കുമാറിനെയും സുജിത് ദാസിനെയും പോലുള്ള ആളുകള്‍. പൊലീസിലെ ക്രിമിനലുകളെയും സംരക്ഷിക്കുകയാണ്. ക്രിമിനലുകളുടെ കണ്‍കണ്ട ദൈവമായി മുഖ്യമന്ത്രി മാറി.
ആഭ്യന്തര വകുപ്പിന് കീഴില്‍ പൊലീസ് കള്ളന്റെ പണിയാണ് എടുക്കുന്നത്. ഇതിലും ഭേദം അജിത് കുമാര്‍ തന്നെ തന്നെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതാണ്. പി ശശിക്കും എഡിജിപിക്കും മുഖ്യമന്ത്രിയുടെ അടുക്കള രഹസ്യങ്ങള്‍ അറിയാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.