
താമരശേരിയിൽ മർദനമേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ വീട്ടിൽ സൈബർ സെൽ പരിശോധന നടത്തുന്നു. ഷഹബാസ് ഉപയോഗിച്ച ഫോൺ അന്വേഷണസംഘം പരിശോധിക്കുകയാണ്. താമരശേരി എസ്എച്ച്ഒ സായൂജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും സൈബർ സെല്ലിനൊപ്പമുണ്ട്.
ഷഹബാസ് വധക്കേസിൽ ഡിജിറ്റൽ തെളിവ് ശേഖരണം പൊലീസ് ഊർജിതമാക്കിയിരുന്നു. 'മെറ്റ'യോട് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊലീസ് തേടി. പ്രതികൾ ഇൻസ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പ് വഴി സംഘർഷം ആസൂത്രണം ചെയ്തിരുന്നു. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും, അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് മെറ്റയ്ക്ക് മെയിൽ അയച്ചത്. മെറ്റയുടെ കീഴിലുള്ള വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തതിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കാനാണ് പൊലീസിൻ്റെ നീക്കം.
വധക്കേസിൽ പിടിയിലായവരെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് കെഎസ്‌യു-എംഎസ്എഫ് പ്രതിഷേധം ശക്തമാവുകയാണ്. വിദ്യാർഥി സംഘടനകൾ വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിന് മുന്നിൽ കുത്തയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം വിദ്യാർഥികളുടെ ഗൂഢാലോചന തെളിയിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. സംഭവത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിലായിരുന്നു. മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് അറസ്റ്റിലായത്.
കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകളിൽ നിന്നും ലാപ്ടോപ്പിൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്. സംഘർഷം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളായ ആളുകൾ പോലും പ്രതികളായ പലരുടെയും പേരുകൾ പറയാൻ ഭയപ്പെടുന്നതായി ഷഹബാസിന്റെ പിതാവ് ഇക്ബൽ പറഞ്ഞു.
പ്രതികളായ വിദ്യാർഥികളുടെ ഗൂഢാലോചന തെളിയിക്കുന്ന കൂടുതൽ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. പ്രതികളായ 6 വിദ്യാർഥികൾ ഉൾപ്പെടെ 62 വിദ്യാർഥികൾ ഉൾപ്പെടുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റു വിവരങ്ങളും, ഇതിനായി ഉപയോഗിച്ച ഫോണുകളും അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
ഫെബ്രുവരി 28നാണ് താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരനായ ഷഹബാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് പുലർച്ചയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. സംഘർഷത്തിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.