മറ്റ് കുട്ടികളോടൊപ്പം എന്റെ കുട്ടിയും പരീക്ഷയ്ക്ക് പോകേണ്ടതായിരുന്നു; പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റിയതിൽ സങ്കടം ഉണ്ടെന്ന് ഷഹബാസിന്റെ പിതാവ്

പ്രതികളായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു എന്നറിഞ്ഞപ്പോൾ തളർന്നുപോയി
മറ്റ് കുട്ടികളോടൊപ്പം എന്റെ കുട്ടിയും പരീക്ഷയ്ക്ക് പോകേണ്ടതായിരുന്നു; പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റിയതിൽ സങ്കടം ഉണ്ടെന്ന് ഷഹബാസിന്റെ പിതാവ്
Published on


താമരശേരിയില്‍ ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റിയതിൽ പ്രതികരണവുമായി ഷഹബാസിന്റെ പിതാവ് ഇക്ബാൽ. പ്രതികളായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു എന്നറിഞ്ഞപ്പോൾ തളർന്നുപോയി. എന്റെ കുട്ടി ആഴ്ചകൾക്ക് മുൻപേ പരീക്ഷക്കായി തയ്യാറെടുപ്പ് നടത്തിയിരുന്നു. ഇന്ന് മറ്റ് കുട്ടികളോടൊപ്പം പരീക്ഷയ്ക്ക് പോകേണ്ട കുട്ടിയായിരുന്നുവെന്നും ഇക്ബാൽ പറഞ്ഞു. ഷഹബാസിന്റെ ഉമ്മ ഇപ്പോഴും അബോധാവസ്ഥയിലാണ്. ശരീരവും മനസും വെട്ടിക്കീറിയ നിലയിലാണ്. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിൽ വലിയ സങ്കടം ഉണ്ടെന്നും ഇക്ബാൽ.


അതേസമയം, കൊല്ലപ്പെട്ട ഷഹബാസിന്റെ വീട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഡിഡിഇ മനോജ് കുമാർ, എഇഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ എത്തിയത്. കഴിഞ്ഞ​ദിവസമാണ് കേസിലെ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റിയത്. കോഴിക്കോട് വെള്ളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ ഭവൻ സെക്രട്ടറിക്ക് പൊലീസ് കത്തയച്ചിരുന്നു. ഇതുപ്രകാരമാണ് പരീക്ഷ കേന്ദ്രം മാറ്റിയത്.

എന്നാൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതുന്ന വെള്ളിമാട്കുന്ന് ഒബ്സർവഷൻ ഹോമിന് മുന്നിൽ വിവിധ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ ഇന്ന് പ്രതിഷേധവുമായി എത്തി. കെഎസ്‍യു-എംഎസ്എഫ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ കയ്യാങ്കളി നടന്നതിനെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ. നവാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


ജുവനൈൽ ഹോമിലേക്ക് മാർച്ച് ചെയ്ത് എത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ മതിൽ ചാടി കടന്ന് ജുവനൈൽ ഹോമിനകത്ത് കടന്നു. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഹബാസ് വധകേസ് പ്രതികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രതിഷേധം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com