
ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍, ദില്‍ജിത് ദോസാഞ്ച് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഉഡ്താ പഞ്ചാബിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. പുതിയ ചിത്രത്തില്‍ ഷാഹിദ് കപൂര്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പീപ്പിംഗ് മൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഏക്താ കപൂറാണ് ഉഡ്താ പഞ്ചാപ് 2 നിര്‍മിക്കുന്നത്. ആകാഷ് കൗഷിക്കായിരിക്കും ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും സംവിധാനം ചെയ്യുന്നതും.
നിലവില്‍ ചിത്രത്തിന്റെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ആരംഭിക്കുക. തിരക്കഥ പൂര്‍ണ്ണമായതിന് ശേഷമായിരിക്കും കാസ്റ്റിംഗ് കാര്യങ്ങള്‍ തീരുമാനിക്കുക. ഏക്ത ഷാഹിദിനെ തന്നെ കാസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.
അഭിഷേക് ഛൗബേയാണ് 2016ല്‍ പുറത്തിറങ്ങിയ ഉഡ്താ പഞ്ചാബ് സംവിധാനം ചെയ്തത്. എന്നാല്‍ അഭിഷേക് രണ്ടാം ഭാഗത്തിന്റെ ഭാഗമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം ഭാഗം ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും. എന്നാല്‍ മയക്കുമരുന്ന് പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രം തന്നെയായിരിക്കും ഉഡ്താ പഞ്ചാബ് 2.