
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്കുള്ള സന്ദർശനത്തെ പ്രശംസിച്ച് ബോളിവുഡ് താരം ഷാരുഖ് ഖാൻ. ഗുജറാത്തിലെ വന്യജീവി പുനരധിവാസ കേന്ദ്രത്തിൽ സന്ദർശിച്ച പ്രധാനമന്ത്രി എക്സിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇത് റിട്വീറ്റ് ചെയ്താണ് ഷാരൂഖ് ഖാൻ മോദിയെ അഭിനന്ദിച്ചത്. മൃഗങ്ങളും സ്നേഹം അർഹിക്കുന്നുവെന്നാണ് താരം പറഞ്ഞത്. മൃഗങ്ങളുടെ ആരോഗ്യവും സംരക്ഷണവും ഭൂമിക്ക് അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. പോസ്റ്റിൽ വൻതാരയിലൂടെ മൃഗങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന അനന്ത് അംബാനിയെയും ഷാരൂഖ് ഖാൻ പ്രശംസിച്ചു.
കഴിഞ്ഞ ദിവസമാണ് ഗുജറാത്തിൽ അനന്ത് അംബാനിയുടെ റിലയൻസ് ഫൗണ്ടേഷൻ്റെ വൻതാര മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ മോദി വിലയിരുത്തി. വന്യ ജീവി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയാകുന്നത്. ഗുജറാത്തിലെ ജാംനഗർ ജില്ലയിലാണ് റിലയൻസ് ഫൗണ്ടേഷന് കീഴിലുള്ള വൻതാര മൃഗസംരക്ഷണ കേന്ദ്രം.
2024 ഫെബ്രുവരിയിലാണ് വന്യ ജീവികളുടെ ക്ഷേമത്തിനു വേണ്ടി 3000 ഏക്കർ സ്ഥലത്ത് റിലയൻസ് മൃഗസംരക്ഷണ കേന്ദ്രം ആരംഭിച്ചത്. 43 ഇനങ്ങളിലായി 2000ൽ അധികം മൃഗങ്ങളെ ഇവിടെ സംരക്ഷിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ മോദി വിലയിരുത്തി. കാര്യങ്ങൾ വിശദീകരിച്ച് അനന്ത് അംബാനിയും ഒപ്പമുണ്ടായിരുന്നു.