സ്വത്തിനായി 52കാരിയെ വിവാഹം ചെയ്തു, പിന്നീട് ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

52 വയസുണ്ടായിരുന്ന ശാഖാ കുമാരിയെ 2020 ഒക്ടോബർ 29ന് വിവാഹം കഴിക്കുമ്പോൾ അരുണിൻ്റെ പ്രായം 28 വയസായിരുന്നു
സ്വത്തിനായി 52കാരിയെ വിവാഹം ചെയ്തു, പിന്നീട് ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
Published on

സ്വത്ത് തട്ടിയെടുക്കാൻ മധ്യവയസ്കയെ വിവാഹം കഴിച്ച ശേഷം കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം. അതിയന്നൂർ സ്വദേശി അരുണിനെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇയാളെക്കാൾ 24 വയസ് കൂടുതലുണ്ടായിരുന്ന കുന്നത്തുകാൽ സ്വദേശിനി ശാഖാകുമാരിയെ ആണ് പ്രതി വിവാ​ഗ ശേഷം കൊലപ്പെടുത്തിയത്.

52 വയസുണ്ടായിരുന്ന ശാഖാകുമാരിയെ 2020 ഒക്ടോബർ 29ന് വിവാഹം കഴിക്കുമ്പോൾ അരുണിൻ്റെ പ്രായം 28 വയസായിരുന്നു. ശാഖയുമായി അടുപ്പത്തിലായിരുന്ന അരുൺ 50 ലക്ഷം രൂപയും 100 പവൻ സ്വർണവും വാങ്ങിയാണ് വിവാഹത്തിന് തയ്യാറായത്. വിവാഹത്തിന് അരുണിൻ്റെ ഭാഗത്ത് നിന്ന് പങ്കെടുത്തത് ഒരേയൊരു സുഹൃത്ത് മാത്രം. കേവലം രണ്ട് മാസം പിന്നിട്ടപ്പോൾ തന്നെ ഇലക്ട്രീഷ്യനായ പ്രതി ശാഖയെ കൊലപ്പെടുത്തി. അതും മർദിച്ച് ബോധം കെടുത്തിയ ശേഷം മീറ്ററിൽ നിന്ന് ശരീരത്തിലേക്ക് കറന്റ് അടിപ്പിച്ച്.



ശാഖയുടെ പേരിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാനാണ് അരുൺ വിവാഹം കഴിച്ചതും കൊല നടത്തിയതും എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ, സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് പ്രതിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയടക്കാനും ജഡ്ജി എ.എം. ബഷീർ ഉത്തരവിട്ടു. അച്ഛൻ ഹൃദ് രോഗി ആണെന്നും വീട്ടുകാരെ സംരക്ഷിക്കാൻ താൻ മാത്രമാണ് ഉള്ളതൊന്നും പറഞ്ഞ പ്രതി കോടതിയോട് ദയ യാചിച്ചു. വെള്ളറട എസ്ഐമാരായ ഡി. സദാനന്ദൻ, വി. രാജതിലകൻ എന്നിവർ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ എം. ശ്രീകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, അഡ്വ. മഞ്ജിത എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com