
ഇന്ത്യയും റഷ്യയും ചൈനയും പങ്കെടുക്കുന്ന തന്ത്രപ്രധാനമായ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടി നാളെ കസാഖ്സ്ഥാനിൽ ആരംഭിക്കും . ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങും റഷ്യയുടെ വ്ലാഡിമിർ പുടിനും പങ്കെടുക്കുന്ന യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും.
അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യക്കും ചൈനയ്ക്കുമെതിരായ നീക്കം കടുപ്പിക്കുന്നതിനിടെയാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കു തുടക്കമാകുന്നത്. വ്ലാഡിമിർ പുടിനും ഷീ ജിൻപിങ്ങും പങ്കെടുക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, പ്രധാന മന്ത്രിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് യോഗത്തിൽ പങ്കെടുക്കുക. ഈ മാസം അവസാനം റഷ്യ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്മാറിയത് എന്നാണ് വിവരം.
സമ്മേളനത്തിനിടെ പുടിനും ഷീ ജിൻപിങ്ങും ഉഭയകക്ഷി ചർച്ചകൾ നടത്തും. പാകിസ്താൻ, മംഗോളിയ, അസെർബൈജാൻ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാരും സമ്മേളനത്തിൽ എത്തും. കസാഖ്സ്ഥാൻ ഉപപ്രധാനമന്ത്രി മുറാത്ത് നൂർത്ലുവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിരുന്നു. രാജ്യാന്തര ലഹരി ശൃംഖലകൾ തടയാൻ എന്ന പേരിൽ ഷാങ്ഹായ് സഹകരണ സംഘടന സൈനിക സഹകരണം തന്നെയാണ് ലക്ഷ്യമിടുന്നത് എന്ന ആശങ്ക അമേരിക്ക നേരത്തെ പങ്കുവെച്ചിരുന്നു.