
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ആരാകുമെന്ന് നേരത്തെ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ശരദ് പവാര്‍. മുഖ്യമന്ത്രിയെ റിസൾട്ടിന് ശേഷം തീരുമാനിക്കും. കൂടുതല്‍ സീറ്റുകൾ നേടുന്ന പാർട്ടിക്ക് അനുസരിച്ച് തീരുമാനം എടുക്കുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി പ്രചാരണം തുടങ്ങണമെന്ന ശിവസേനയുടെ ആവശ്യത്തിനിടെയാണ് എന്‍സിപി അധ്യക്ഷന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നേരിടേണ്ട സാഹചര്യം നിലവിൽ പ്രതിപക്ഷത്തിനില്ല എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പവാര്‍ നേരത്തെയും തള്ളിയിരുന്നു.
തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി വൻ വിജയം നേടുമെന്ന ആത്മവിശ്വാസവും ശരദ് പവാർ പ്രകടിപ്പിച്ചു. ആകെയുള്ള 288 സീറ്റിൽ 225 ഉം നേടുമെന്നാണ് എൻസിപിയുടെ വാദം. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിലെ ആത്മവിശ്വാസത്തിലാണ് പവാർ. 48 സീറ്റിൽ 31 സീറ്റിലും എംവിഎ- ഇന്ത്യ സ്ഥാനാർഥികളാണ് വിജയിച്ചത്.
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കമില്ലെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ വ്യക്തമാക്കി. നിലവിലെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുക മാത്രമാണ് ലക്ഷ്യമെന്നും ആദിത്യ താക്കറെ പറഞ്ഞു. ശരദ് പവാറിൻ്റെ പ്രസ്താവനയോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആദിത്യ.