കിയാലിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്തി; കണ്ണൂർ വിമാനത്താവളം ജനറൽ ബോഡി ഓൺലൈനിൽ ചേരുന്നതിൽ പരാതിയുമായി ഓഹരി ഉടമകൾ

കെടുകാര്യസ്ഥതയും സുതാര്യത ഇല്ലായ്മയുമാണ് കിയാലിൽ നടക്കുന്നതെന്നാണ് പരാതി നൽകിയത്
കിയാലിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്തി; കണ്ണൂർ വിമാനത്താവളം ജനറൽ ബോഡി ഓൺലൈനിൽ ചേരുന്നതിൽ പരാതിയുമായി ഓഹരി ഉടമകൾ
Published on


കണ്ണൂർ രാജ്യാന്തര വിമാനത്താവളം ജനറൽ ബോഡി യോഗം ഓൺലൈനിൽ ചേരുന്നതിൽ പരാതിയുമായി ഓഹരി ഉടമകൾ. ഇത് സംബന്ധിച്ച് കമ്പനികാര്യ മന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും ഓഹരി ഉടമകൾ പരാതി നൽകി. കെടുകാര്യസ്ഥതയും സുതാര്യത ഇല്ലായ്മയുമാണ് കിയാലിൽ നടക്കുന്നത് എന്നു കാട്ടിയാണ് പരാതി നൽകിയത്.

കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനായി നടത്തുന്നതിനെതിരെയാണ് കിയാൽ ഓഹരിയുടമകൾ കമ്പനികാര്യ മന്ത്രാലയത്തിന് പരാതി നൽകിയത്. 29 രാജ്യങ്ങളിൽ നിന്നായി 18,000 ഓഹരി ഉടമകളുണ്ടെന്നാണ് കണ്ണൂർ വിമാനത്തവള കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. വാർഷിക പൊതുയോഗം ഓൺലൈനിൽ നടത്തുന്നതിനാൽ പരമാവധി 1000 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.

തുടർച്ചയായ അഞ്ചാമത് ജനറൽ ബോഡി യോഗമാണ് ഈ മാസം 23ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. സിഎജി ഓഡിറ്റ്, വിവരാവകാശം, നിയമനങ്ങൾ, കരാറുകൾ, എച്ച്ആർ, കൺസൽറ്റൻസി തുടങ്ങി കിയാലിൻ്റെ പ്രവർത്തനങ്ങളിൽ ഓഹരി ഉടമകൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഇവയിൽ സുതാര്യത ഇല്ലെന്ന പരാതിയും ഉയർന്നു കഴിഞ്ഞു. എന്നാൽ ഇത് അവതരിപ്പിക്കാൻ വേദി ലഭിക്കുന്നില്ലെന്നാണ് ഓഹരി ഉടമകൾ പറയുന്നത്.

വിമനത്താവളത്തിന് നിലവിൽ 750 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കുകൾ . ഈ ഘട്ടത്തിലും എംഡിയുടെ ശമ്പളവർധന ഉത്തരവിന് അംഗീകാരം നൽകുന്നത് ഉൾപ്പെടെ യോഗത്തിന്റെ അജണ്ടയാണെന്നും ഓഹരി ഉടമകളുടെ കൂട്ടായ്മ കുറ്റപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബർ 23ന് നിശ്ചയിച്ച ജനറൽ ബോഡി യോഗം മാറ്റിവെക്കണമെന്ന് കത്തിലൂടെ ഓഹരി ഉടമകൾ ആവശ്യപ്പെടുന്നത്. കിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്കും കത്ത് അയച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com