
ഷാർജയിൽ തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ വാടക നിയമമനുസരിച്ച് വാടക കരാറുകളിൽ മാറ്റം. ഷാർജയിലെ ഭൂവുടമകൾ കരാർ ഇഷ്യൂ ചെയ്ത് 15 ദിവസത്തിനുള്ളിൽ അംഗീകാരം നൽകണം. വാടക വർധനയ്ക്കും പുതിയ നിയമം പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വാടക കരാർ അവസാനിപ്പിക്കുന്നതിനുള്ള പ്രത്യേക കാരണങ്ങളും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
നിയമപ്രകാരം, രണ്ട് കക്ഷികളുടേയും പരസ്പര ധാരണ പ്രകാരമല്ലാതെ വാടക കരാർ ആരംഭിച്ച് മൂന്ന് വർഷം കഴിയുന്നതുവരെ ഭൂവുടമകൾക്ക് വാടക വർധിപ്പിക്കാൻ കഴിയില്ല. ആ മൂന്ന് വർഷത്തെ കാലയളവിനുള്ളിൽ ഒരു വാടകക്കാരൻ വാടക വർധനവ് അംഗീകരിക്കുകയാണെങ്കിൽ പിന്നീട് രണ്ട് വർഷത്തേക്ക് വീണ്ടും വാടക വർധന സാധ്യമല്ല. പ്രാരംഭ കാലയളവിനുശേഷം, ഏത് വാടക വർധനയും എക്സിക്യൂട്ടീവ് റെഗുലേഷൻസിൽ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾ കണക്കാക്കിയുള്ള ന്യായമായ വർധനയായിരിക്കും . കൂടാതെ, ഗവേണിംഗ് കൗൺസിലിന് ഒരു ഔപചാരിക തീരുമാനത്തിലൂടെ ഈ സമയ ക്രമത്തിൽ ഭേദഗതി ചെയ്യാം.
വാടകക്കെടുത്ത വസ്തുവിൽ നിന്ന് ഒരു വാടകക്കാരനെ ഭൂവുടമ ഒഴിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിയമത്തിൽ പറയുന്നുണ്ട്. കൂടാതെ, രണ്ട് കക്ഷികൾക്കും അവരുടെ വാടക കരാർ അവസാനിപ്പിക്കാൻ പരസ്പരം ധാരണയോടെ അവസാനിപ്പിക്കുവാൻ കഴിയുന്ന സാഹചര്യങ്ങളും നിയമം വിശദീകരിക്കുന്നു.