
കൊക്കെയ്ൻ അടിച്ചു കിറുങ്ങിയ സ്രാവുകളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മാരക രാസലഹരിയായ കൊക്കെയ്നിന്‍റെ സാന്നിധ്യം കണ്ടെത്തിയത് ബ്രസീലിയന്‍ സ്രാവുകളിലാണ്. ലഹരിമരുന്ന് സംഘങ്ങളിലേക്കും ലാബ് മാലിന്യങ്ങളിലേക്കും സംശയം നീണ്ട ഈ പ്രതിഭാസത്തിന് ഉറവിടം കണ്ടെത്താന്‍ പക്ഷേ, ഇതുവരെയും കഴിഞ്ഞിട്ടില്ല.
ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയ്ക്ക് സമീപത്തെ തീരത്ത് നിന്ന് സാംപിള്‍ ശേഖരിച്ച 13 ബ്രസീലിയൻ ഷാർപ്പ് നോസ് സ്രാവുകളിലാണ് മാരക ലഹരിയായ കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയത്. ഓസ്വാൾഡോ ക്രൂസ് ഫൗണ്ടേഷൻ എന്ന ഗവേഷക സ്ഥാപനം നടത്തിയ പരിശോധനയില്‍ സാധാരണ ജലജീവികളില്‍ കണ്ടുവരുന്നതിലും 100 മടങ്ങ് അധികം കൊക്കെയ്നാണ് സ്രാവുകളുടെ പേശികളിലും കരളില്‍ നിന്നും കണ്ടെത്തിയത്. മനുഷ്യരിലെ ലഹരിമരുന്ന് ഉപയോഗം സമുദ്രജീവികളെ ബാധിക്കുന്നുണ്ടോ എന്നറിയാനുള്ള ഗവേഷണത്തിലാണ് ആശങ്കാകരമായ കണ്ടെത്തലുണ്ടായത്.
'കൊക്കെയ്ൻ ഷാർക്ക്' എന്ന തലക്കെട്ടിൽ സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെൻ്റിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍, രണ്ട് സാധ്യതകളാണ് ഈ പ്രതിഭാസത്തിന് കാരണമായി ഗവേഷകർ മുന്നോട്ടുവച്ചത്. രണ്ടും ബ്രസീല്‍ തീരം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘങ്ങളിലേക്ക് നീളുന്നതാണ്. വലിയ തോതില്‍ കൊക്കെയ്ൻ ഉത്പാദനം നടക്കുന്നില്ലെങ്കിലും യൂറോപ്പിലേക്ക് അടക്കം രാസലഹരിയെത്തിക്കുന്ന ഇടനിലക്കാരുടെ സാന്നിധ്യം ബ്രസീലിലുണ്ട്. ഫസ്റ്റ് ക്യാപിറ്റൽ കമാൻഡ് അടക്കം സംഘങ്ങളുടെ നേതൃത്വത്തില്‍ ടണ്‍ കണക്കിന് കൊക്കെയ്നാണ് ബ്രസീല്‍ തീരങ്ങളിലൂടെ കടത്തുന്നത്.
പിടിക്കപ്പെടും എന്ന ഘട്ടങ്ങളിൽ ഈ സംഘങ്ങള്‍ കടലില്‍ ഉപേക്ഷിച്ചു പോകുന്ന കൊക്കെയ്ന്‍ സ്രാവുകളിലേക്ക് എത്തിയിരിക്കാം എന്നതാണ് ഒരു സാധ്യത. അല്ലെങ്കില്‍ മേഖലയില്‍ പ്രവർത്തിക്കുന്ന അനധികൃത കൊക്കെയ്ന്‍ ലാബുകള്‍ കടലിലേക്ക് രാസമാലിന്യം തള്ളുന്നു. ഇത് 100 ശതമാനവും സ്ഥിരീകരിക്കാവുന്നതല്ല, ഈ സാധ്യതകള്‍ എന്ന് പറയുമ്പോഴും, മറ്റേത് ഉറവിടത്തില്‍ നിന്നാണ് വലിയ അളവില്‍ സ്രാവുകളില്‍ ലഹരിമരുന്ന് എത്തുന്നത് എന്ന് കണ്ടെത്താനായിട്ടില്ല.
റിയോയിലെ നദികളിലും, സാവോ പോളോയിലെ സാൻ്റോസ് തീരത്തെ ചിപ്പികളിലും, ഈല്‍ അടക്കം മത്സ്യങ്ങളിലും കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജലജീവികളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നത് വഴി മാത്രമേ കൃത്യമായ നിഗമനത്തിലേക്ക് എത്താനാകൂ എന്ന് ഇക്കോ-ടോക്സിക്കോളജിസ്റ്റുകള്‍ പറയുന്നു. സാംപിളിലുള്‍പ്പെട്ട പെണ്‍ സ്രാവുകളെല്ലാം ഗർഭിണികളായിരുന്നു. അവയുടെ കുഞ്ഞുങ്ങളിലേക്ക് ലഹരി കൈമാറുന്നുണ്ടോ എന്ന കാര്യത്തിലും തുടർ ഗവേഷണം ആവശ്യമാണ്. രാസലഹരി മനുഷ്യരിലുണ്ടാക്കുന്നതിന് സമാനമായ ഫലങ്ങള്‍ ജീവികളിലുമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കൊക്കെയ്ന്‍- സ്രാവുകൾ അക്രമകാരികളാക്കുന്നുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ സ്രാവുകളിലെ പരിശോധനയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത് എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. മത്സ്യത്തിൽ നിന്ന് മനുഷ്യരിലേക്ക് കൊക്കെയ്ന്‍ അംശം കൈമാറ്റപ്പെടാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. മുന്‍പ്, ഇംഗ്ലണ്ടിൻ്റെ തെക്കൻ തീരത്ത് നിന്ന് ശേഖരിച്ച സമുദ്രജല സാമ്പിളുകളിൽ രാസലഹരി സാന്നിധ്യം കണ്ടെത്തിയിരുന്നു. കൊക്കെയ്ൻ കരളില്‍ ഉൽപ്പാദിപ്പിക്കുന്ന ബെൻസോയ്‌ലെക്‌ഗോനൈൻ ഉൾപ്പെടെയുള്ള രാസ സംയുക്തങ്ങൾ ചെമ്മീനുള്‍പ്പടെ കടല്‍ ജീവികളിലാണ് അന്ന് കണ്ടെത്തിയത്.