"പൊന്നുമോന് നീതി ലഭിച്ചു, നീതിമാനായ ജഡ്ജിയിൽ ദൈവമിറങ്ങി വന്നു": ഷാരോണിൻ്റെ അമ്മ

കോടതിയിൽ ഇരുവരും തൊഴുതുകൊണ്ട് നന്ദി പറഞ്ഞു. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ കുടുംബം രാവിലെ തന്നെ കോടതിയില്‍ എത്തിയിരുന്നു
"പൊന്നുമോന് നീതി ലഭിച്ചു, നീതിമാനായ ജഡ്ജിയിൽ ദൈവമിറങ്ങി വന്നു": ഷാരോണിൻ്റെ അമ്മ
Published on

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛനും അമ്മയും. കോടതിയിൽ ഇരുവരും തൊഴുതുകൊണ്ട് നന്ദി പറഞ്ഞു. നീതിമാനായ ജഡ്ജിയിൽ ദൈവമിറങ്ങി വന്നുവെന്നും വിധിയിൽ പൂർണസംതൃപ്തരാണെന്നും ഷാരോണിന്റെ അമ്മ വിധിയ്ക്ക് പിന്നാലെ പ്രതികരിച്ചു. കോടതിയോട് നന്ദി പറഞ്ഞ ഷാരോണിൻ്റെ അമ്മ, നിഷ്കളങ്കനായ തൻ്റെ മകന് നീതി ലഭിച്ചുവെന്നും പ്രതികരിച്ചു.

അതേസമയം, കൂട്ടായ്മയുടെ വിജയമാണ് ​ഗ്രീഷ്മയ്ക്ക് ലഭിച്ച ശിക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥ ഡി.ശിൽപ പ്രതികരിച്ചു. ഗ്രീഷ്മ പലതവണ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എല്ലാ തെളിവുകളും നിരത്തിയിട്ടും നിരപരാധിയാണെന്ന വാദമാണ് ഗ്രീഷ്മ ഉയർത്തിയതെന്നും ഡി.ശിൽപ പറഞ്ഞു.

കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും 50000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീറാണ് കേസിൽ വിധി പറഞ്ഞത്. ഐപിസി 302 - കൊലപാതകം, ഐപിസി 364- കൊലപാതകത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍, ഐപിസി 328- ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയില്‍ വിഷം കൊടുക്കുക, ഐപിസി 203 അന്വേഷണത്തെ വഴിത്തിരിച്ച് വിടുക എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയത്.

2022 ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷാരോണ്‍ മരണപ്പെടുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ വിചാരണ നടപടികള്‍ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 95 സാക്ഷികളാണുള്ളത്. 323 രേഖകളും 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതും വലിയ വിവാദമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com