പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കും; ഷാരോണ്‍ വധക്കേസിൽ ഇന്ന് ശിക്ഷാവിധി ഇല്ല?

ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരോണിന്‍റെ കുടുംബം
പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കും; ഷാരോണ്‍ വധക്കേസിൽ ഇന്ന് ശിക്ഷാവിധി ഇല്ല?
Published on


പാറശ്ശാല സ്വദേശി ഷാരോണിനെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന് ഉണ്ടായേക്കില്ല. പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടതിന് ശേഷമാകും ശിക്ഷാവിധിയുണ്ടാവുക. പ്രതി ഗ്രീഷ്മയെ കോടതിയിൽ എത്തിച്ചിട്ടുണ്ട്. 

അതേസമയം ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറിനും പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരോണിന്റെ കുടുംബം.

വിഷം നല്‍കല്‍, കൊലപാതകം നടത്തല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയിലാണ് ഒന്നാം പ്രതി ഗ്രീഷ്മയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കഷായത്തില്‍ വിഷംകലര്‍ത്തി സുഹൃത്തായ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. എന്നാല്‍ കേസില്‍ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കോടതി വെറുതെ വിട്ടിരുന്നു.

2022 ഒക്ടോബര്‍ 13, 14 ദിവസങ്ങളിലായി അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. 2022 ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷാരോണ്‍ മരണപ്പെടുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ വിചാരണ നടപടികള്‍ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 95 സാക്ഷികളാണുള്ളത്. 323 രേഖകളും 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതും വലിയ വിവാദമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com