അഭിമുഖത്തെ വളച്ചൊടിച്ചു, തെറ്റായ കാര്യങ്ങള്‍ തലക്കെട്ടായി നല്‍കി അപമാനിച്ചു; ഇന്ത്യന്‍ എക്‌സ്പ്രസിനെതിരെ ശശി തരൂര്‍

'തലക്കെട്ട് വെച്ച് എല്ലാവരും ആഘോഷിച്ചപ്പോഴും എനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ ഞാന്‍ നേരിട്ട അപമാനം, ദുരാരോപണങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ഒരു ചിന്തയും ആര്‍ക്കും ഉണ്ടായില്ല'
അഭിമുഖത്തെ വളച്ചൊടിച്ചു, തെറ്റായ കാര്യങ്ങള്‍ തലക്കെട്ടായി നല്‍കി അപമാനിച്ചു; ഇന്ത്യന്‍ എക്‌സ്പ്രസിനെതിരെ ശശി തരൂര്‍
Published on


ഇന്ത്യന്‍ എക്‌സ്പ്രസ് വര്‍ത്തമാനം പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചെന്ന് ശശി തരൂര്‍ എം.പി. തെറ്റായ കാര്യങ്ങള്‍ തലക്കെട്ടാക്കി നല്‍കി അപമാനിച്ചെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു.

രാഷ്ട്രീയമല്ലെങ്കില്‍ തനിക്ക് മറ്റു വഴികളുണ്ടെന്ന് പറഞ്ഞത് സാഹിത്യമേഖലയെയും എഴുത്തിനെയും കുറിച്ചാണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് മറ്റു പാര്‍ട്ടികളിലേക്ക് പോകും എന്ന അര്‍ഥത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

'അവര്‍ ആദ്യം എന്റെ വളരെ സാധാരണമായ ഒരു പ്രസ്താവന ('എനിക്ക് മറ്റു വഴികള്‍ ഉണ്ടെ'ന്ന് ഞാന്‍ പറഞ്ഞത് സാഹിത്യവുമായി ബന്ധപ്പെട്ടാണ്) എടുത്തു. അതില്‍ നിന്ന്, ഞാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളേക്ക് പോകും എന്ന് വ്യാഖ്യാനിക്കുന്ന തരത്തില്‍ ഒരു തലക്കെട്ടുണ്ടാക്കി. സ്വാഭാവികമായും മറ്റു മാധ്യമങ്ങള്‍ ആ തലക്കെട്ടിനെ ആഘോഷിച്ചു, രാഷ്ട്രീയക്കാര്‍ അതിനോട് പ്രതികരിച്ചു. ഇതിലെല്ലാം അവസാനം ഞാന്‍ മാത്രം ബാക്കിയായി', തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ അഭാവമുണ്ടെന്ന് ഞാന്‍ പറഞ്ഞതായും ഇന്ത്യന്‍ എക്‌സ്പ്രസ് വ്യാജ വാര്‍ത്ത നല്‍കി. ഇത് ഹിന്ദുവിന്റെ ആദ്യ പേജിലും മറ്റു മാധ്യമങ്ങളിലും വന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ മൂന്ന് ദിവസത്തോളം ഇത് ചര്‍ച്ചയായെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍ താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ അഭിമുഖത്തിന്റെ ഒരു ഇംഗ്ലീഷ് തര്‍ജ്ജമ അയച്ചു തന്നു. എന്നാല്‍ വീഡിയോ കാണമെന്നതില്‍ താന്‍ ഉറച്ചുനിന്നു. കഴിഞ്ഞ ദിവസം അതിന്റെ മുഴുവന്‍ ഭാഗം വന്നപ്പോള്‍ താന്‍ കണ്ടു. ഇംഗ്ലീഷ് തര്‍ജ്ജമയില്‍ നല്‍കിയിരിക്കുന്ന പോലെയല്ല താന്‍ പറഞ്ഞിരിക്കുന്നതെന്ന് വീഡിയോ കണ്ടപ്പോള്‍ വ്യക്തമായെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. എല്ലാ ഭവിഷ്യത്തുകളും സംഭവിച്ച് കഴിഞ്ഞതിന് ശേഷം ഏറെ വൈകി പത്രത്തില്‍ ഒരു തിരുത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

'തലക്കെട്ട് വെച്ച് എല്ലാവരും ആഘോഷിച്ചപ്പോഴും എനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ ഞാന്‍ നേരിട്ട അപമാനം, ദുരാരോപണങ്ങള്‍ (ചിലര്‍ പിന്തുണച്ചെങ്കിലും) എന്നിവയെക്കുറിച്ചൊന്നും ഒരു ചിന്തയും ആര്‍ക്കും ഉണ്ടായില്ല,' തരൂര്‍ പറഞ്ഞു

ഇന്ത്യന്‍ എക്സ്പ്രസ് വര്‍ത്തമാനം പോഡ്കാസ്റ്റില്‍ ശശി തരൂര്‍ നടത്തിയ പ്രതികരണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യന്‍ എക്സ്പ്രസില്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എഴുതിയ ലേഖനം വിവാദമായതിന് പിന്നാലെ യുഡിഎഫില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് തരൂരിന്റെ ലേഖനമെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് ശശി തരൂര്‍ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ നടത്തിയത്.

കോണ്‍ഗ്രസ് ക്ഷണിച്ചതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും തന്നെ ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് ഉപയോഗിക്കാമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരുന്ന കാര്യം മനസില്‍ ഇല്ലെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റിലേക്ക് മത്സരിക്കാനല്ല, കേരളത്തില്‍ കൂടുതല്‍ പ്രധാന്യം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും അഭിമുഖത്തില്‍ പറയുന്നു.

'ശശി തരൂര്‍ എന്ന വ്യക്തിയുടെ ജനപ്രീതി പാര്‍ട്ടിക്ക് ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് ഉപയോഗിക്കാം. ഇല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതല്ലെങ്കില്‍ എനിക്ക് സമയം ചെലവഴിക്കാന്‍ മറ്റേതെങ്കിലും വഴികള്‍ ഇല്ലെന്ന് കരുതരുത്. എഴുത്തുകള്‍, പുസ്തകങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയെല്ലാമുണ്ട്. ഈ രാജ്യത്തിന് സേവനം ചെയ്യാനാണ് തിരിച്ചുവന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ഒരു സംശയവും ഇല്ലാതെയാണ് ഇതിലേക്ക് വന്നത്. എനിക്ക് ഒറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളു. അത് തിരുവനന്തപുരത്ത് മത്സരിക്കല്‍ ആയിരുന്നു,' ശശി തരൂര്‍ പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകര്‍ഷിക്കാന്‍ തയ്യാറാകണം. സ്വതന്ത്ര സംഘടനകള്‍ നടത്തിയ അഭിപ്രായ വോട്ടിങ്ങുകളില്‍ സംസ്ഥാനത്തെ മറ്റ് കോണ്‍ഗ്രസ് നേതാക്കളേക്കാളും നേതൃത്വ പദവിയിലേക്ക് തന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നതെന്നും തരൂര്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.

ബിജെപി തനിക്ക് ഒരിക്കലും ഒരു ഓപ്ഷനല്ല. പാര്‍ട്ടിയില്‍ നിന്നും മാറി സ്വതന്ത്രനായി നില്‍ക്കാനുള്ള ഓപ്ഷന്‍ എപ്പോഴും ഉണ്ടാവാം. പക്ഷെ നാളെ ഒരു ബിജെപി നേതാവിനോ സിപിഎം നേതാവിനോ എന്നെ വന്ന് കാണുന്നതിന് എന്താണ് പ്രശ്‌നം? നമ്മള്‍ എല്ലാവരും ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ലേ എന്നും ശശി തരൂര്‍ ചോദിച്ചു. അവര്‍ എതിരാളികള്‍ ആണ്. ശത്രുക്കള്‍ അല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com